• admin

  • February 1 , 2020

കോട്ടയം : ഏതു ദുരന്ത സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പ്രളയക്കെടുതികള്‍ നേരിട്ട അയ്മനത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അയ്മനോത്സവം 2020ലെ പുരസ്‌കാര ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓഖി ദുരന്തവും പ്രളയവുമൊക്കെയുണ്ടായപ്പോള്‍ നമ്മുടെ അതിജീവന മികവ് ലോകം കണ്ടതാണ്. സര്‍ക്കാരും ജനങ്ങളും ഒരേ മനസോടെ അധ്വാനിച്ചാണ് ഇത് സാധ്യമാക്കിയത്. തകര്‍ച്ച സംഭവിച്ച എല്ലാ മേഖലകളും വീണ്ടെടുക്കാന്‍ നമുക്കു കഴിഞ്ഞു. പ്രളയമേല്‍പ്പിച്ച ആഘാതത്തെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ അയ്മനോത്സവം പോലെയുള്ള പരിപാടികള്‍ കര്‍ഷകര്‍ക്ക് ഉത്തേജനമേകുമെന്ന് മന്ത്രി പറഞ്ഞു. മികച്ച നെല്‍ കര്‍ഷകന്‍, പാടശേഖര സമിതി, സമ്മിശ്ര കര്‍ഷകന്‍, യുവ കര്‍ഷകന്‍, കര്‍ഷക, കുട്ടി കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. പ്രളയകാലത്തെ അയ്മനത്തിന്റെ നേര്‍ക്കാഴ്ച്ചകളും അതിജീവനപ്പോരാട്ടങ്ങളും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ സ്മരണിക- 'ഇടവപ്പാതി പിറ്റേന്ന്' മന്ത്രി പ്രകാശനം ചെയ്തു.