എ.ഡി.എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ മൗനം ക്രൂരം: വി.ഡി സതീശൻ

എ.ഡി.എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ മൗനം ക്രൂരം: വി.ഡി സതീശൻ

തിരുവമ്പാടി : സ്വന്തം ജില്ലയിൽ നടന്ന എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തുടരുന്ന മൗനം ക്രൂരമാണെന്നും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മരണത്തിൽ അനുശോചന കുറിപ്പ് ഇറക്കാൻ പോലും തയാറാവാത്ത ധാർഷ്ട്യമാണ് പിണറായി വിജയൻ പിന്തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്ലിംങ്ങളെ പോലെ ക്രൈസ്തവരും ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരിൽ നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടു. ഒരുപാട് പേർ ഭവനരഹിതരായി. സംഘപരിവാറിനെ നാണിപ്പിക്കുന്ന ഏർപ്പാടാണ് സി.പി.എം വടകരയിൽ ചെയ്തത്. തൃശൂരിൽ ബി.ജെ.പിയെ വിജയിപ്പിക്കാൻ വേണ്ടി എ.ഡി.ജി.പിയെ ഉപയോഗിച്ച് പൂരം കലക്കിയത് സി.പി.എമ്മാണ്. കേരളത്തിൻ്റെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ്. ചെലവഴിക്കാൻ ഒരു രൂപ പോലും ബാക്കിയില്ല. മന്ത്രിമാർ വെറുതെ തിരുവനന്തപുരത്തേക്ക് പോവുകയാണ്. കെ.എസ്.ആർ.ടി.സി, സപ്ലൈകോ, കെ.എസ്.ഇ.ബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഭീമമായ കടത്തിലാണ്. കേരളത്തെ മുൻപങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് പിണറായി സർക്കാർ തള്ളിവിട്ടു. കേരളത്തെ എൽ.ഡി.എഫ് തകർത്തു തരിപ്പണമാക്കി. വിദ്യാഭ്യാസമേഖലയും പൊതുജനാരോഗ്യ മേഖലയും റോഡുകളും തകർന്നു. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിലയില്ല. അവർ കാർഷിക മേഖലയിൽ നിന്നും പിന്തിരിയാൻ നിർബന്ധിതമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി.കെ കാസിം അധ്യക്ഷനായി. എം.കെ രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, ഡി.സി.സി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, കെ.പി.സി.സി അംഗം എൻ.കെ അബ്ദുറഹിമാൻ, കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അബ്രഹാം കുഴുമ്പിൽ, മുൻ ഡി.സി.സി പ്രസിഡന്റ്‌ കെ.സി അബു, ഡി.സി.സി ഭാരവാഹികളായ ബാബു പൈക്കാട്ടിൽ, സി.ജെ ആന്റണി, അന്നമ്മ മാത്യു, ആയിശക്കുട്ടി സുൽത്താൻ, കെ.എ ഖാദർ, പി.ജി മുഹമ്മദ്‌, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം ഹമീദ് തിരുവമ്പാടി, കെ.ടി മൻസൂർ, എം.ടി അഷ്‌റഫ്‌, ബോസ് ജേക്കബ്, ബി.പി റഷീദ്, അബ്ദു കൊയങ്ങോറൻ, സി.എ മുഹമ്മദ്‌, മാജുഷ് മാത്യൂസ്, ജോർജ് മങ്ങാട്ടിൽ, മില്ലി മോഹൻ, സണ്ണി കാപ്പാട്ടുമല, പി.വി മോഹൻലാൽ, സുഫിയാൻ ചെറുവാടി, ഷിനോയ് അടക്കാപ്പാറ സംസാരിച്ചു. 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി സി.കെ കാസിം (ചെയർമാൻ), ബാബു കെ. പൈക്കാട്ടിൽ (ജനറൽ കൺവീനർ), ഷിനോയ് അടക്കാപ്പാറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ശേഷം തിരുവമ്പാടി അങ്ങാടിയിൽ യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ റാലി നടത്തി.ഫോട്ടോ: യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കൺവൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *