പനമരം : നീർവാരം പരിയാരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട്ടുമുറ്റത്ത് ഉണക്കാനിട്ട കാപ്പിക്കുരു തിന്നുനശിപ്പിച്ചു. ബോബിനിലയം ബബീഷ്,പങ്കജാക്ഷി എന്നിവരുടെ ഒന്നര ക്വിൻ്റലോളം വരുന്ന പകുതി ഉണങ്ങിയ കാപ്പിക്കുരുവാണ് വ്യാഴാഴ്ച രാത്രി പാതിരി സൗത്ത് വനത്തിൽ നിന്നിറങ്ങിയ ആന നശിപ്പിച്ചത്.
കാപ്പിക്കുരുവിന് പുറമെ വാഴ,തെങ്ങ് തുടങ്ങിയ കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്.കാപ്പി മൂടിയിട്ടിരുന്ന 3500 രൂപയോളം വിലവരുന്ന ടാർപോളിൻ ഷീറ്റുകളും ആന കുത്തിക്കീറി. സാധാരണയായി നെല്ലും മറ്റും തിന്നുന്ന ആനകൾ പകുതി ഉണങ്ങിയ കാപ്പിക്കുരു തിന്നുന്നത് ഈ പ്രദേശത്ത് ആദ്യ സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.നോർത്ത്-സൗത്ത് വയനാട് ഡി.എഫ്.ഒമാരുടെ അധികാരപരിധി ഇടകലർന്ന പ്രദേശമായതിനാൽ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.കൂടാതെ,കോടികൾ മുടക്കി തുടങ്ങിയ ക്രാഷ് ഗാർഡ് ഫെൻസിംഗ് പ്രവൃത്തികൾ പാതിവഴിയിലായതാണ് ആനകൾ നാട്ടിലിറങ്ങാൻ പ്രധാന കാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു.
