ഭാവിയുടെ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

ഭാവിയുടെ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

കൊച്ചി : വിജ്ഞാനവും സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു.സമ്മിറ്റ് കേവലം ഒരു അക്കാദമിക് പരീക്ഷണമല്ലെന്നും പൊതുസമൂഹത്തിൻ്റെ ആവശ്യമാണെന്നും കളക്ടർ പറഞ്ഞു. “ഭാവിയെ ആര് രൂപകൽപ്പന ചെയ്യും, ഏത് മൂല്യങ്ങളായിരിക്കും അതിനെ നയിക്കുക എന്ന അടിസ്ഥാനപരമായ ചോദ്യമാണ് ഈ ഉച്ചകോടി ഉയർത്തുന്നത്.അതിരുകൾ ഭേദിക്കുന്ന സംവാദങ്ങളിലൂടെ വേണം മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ എന്ന ശക്തമായ സന്ദേശമാണ് ഈ സംഗമം നൽകുന്നത്.”

കളക്ടർ പറഞ്ഞു.
​ജെയിൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഇതിലൂടെ മാത്രമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം പ്രാപ്തമാകു എന്നും ചാൻസിലർ അഭിപ്രായപ്പെട്ടു.വളർന്നുവരുന്ന സംരംഭകർക്ക് വലിയ മുതൽക്കൂട്ടാകുന്ന ‘ജെയിൻ ആക്സിലറേറ്റർ’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു.മാറ്റങ്ങൾ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സാധാരണക്കാർക്ക് കൂടി ശബ്ദം ഇടമാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് സമ്മിറ്റ് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.ടോം ജോസഫ് പറഞ്ഞു.

അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഭാവിയെ നേരിടാനുള്ള ഒരേയൊരു മാർഗ്ഗം കൂട്ടായ പ്രവർത്തനമാണെന്നും കേരളത്തെ ഭാവിയുടെ മാതൃകാ കേന്ദ്രമാക്കാൻ ഈ സംഗമം ഉപകരിക്കുമെന്നും ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ പറഞ്ഞു.ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ സാധാരണ പൗരന്മാർക്ക് വേദിയൊരുക്കുന്നതിലൂടെ, എല്ലാവരെയും ഉൾക്കൊള്ളുക എന്ന യൂണിവേഴ്സിറ്റിയുടെ ദൗത്യം ഒരിക്കൽ കൂടി സാക്ഷാത്കരിക്കുകയാണെന്ന് പ്രൊ വി.സി പ്രൊഫ. ഡോ.ജെ.ലത പറത്തു.ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി,തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളമ്പിള്ളി,കിൻഫ്ര ഡയറക്ടർ സാബു ജോർജ്,പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ.ജെ.ലത തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ നീളുന്ന സമ്മിറ്റിൽ വിദ്യാഭ്യാസം,സാങ്കേതികവിദ്യ, പരിസ്ഥിതി തുടങ്ങിയ ഏഴ് പ്രധാന മേഖലകളിലായി ഇരുന്നൂറിലധികം സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന സംഗമത്തിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.കൊച്ചിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നാല് ദിവസത്തെ ഡ്രോൺ ഷോ സമ്മിറ്റിന്റെ പ്രധാന ആകർഷണമായിരിക്കും.ലോകോത്തര വാഹനങ്ങൾ അണിനിരക്കുന്ന ഓട്ടോ എക്സ്പോ,റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ ‘റോബോവേഴ്സ്’,ഇ-സ്പോർട്സ് മത്സരങ്ങൾ,ഉത്സവപ്പറമ്പുകളുടെ പ്രതീതി നൽകുന്ന ഫെസ്റ്റിവൽ വില്ലേജ് എന്നിവയും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് വരും ദിവസങ്ങളിൽ ജോണിറ്റ ഗാന്ധി,നികിത ഗാന്ധി,അറിവ് തുടങ്ങിയ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശകളും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *