സുൽത്താൻ ബത്തേരി : വയനാട് ജില്ല ഫുട്ബോൾ അസോസിയേഷനും വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ മാടക്കരയും സംയുക്തമായി അണ്ടർ 17 വിഭാഗം പെൺകുട്ടികൾക്കായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.കേരളത്തിലെയും തമിഴ്നാട്ടിലെയും 9 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് സുൽത്താൻബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ മുൻസിപ്പൽ ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.ആവേശകരമായ ടൂർണമെന്റിൽ കണ്ണൂർ സ്പോർട്സ് ഡിവിഷനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പനങ്കണ്ടി ജേതാക്കളായി.ടൂർണമെന്റിലെ മികച്ച താരമായി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പനങ്കണ്ടിയുടെ ഫാത്തിമത് സുഹറയെയും മികച്ച ഡിഫൻഡർ ആയി പനങ്കണ്ടിയുടെ സനൂജയെയും,മികച്ച ഗോൾകീപ്പർ ആയി കണ്ണൂർ സ്പോർട്സ് ഡിവിഷന്റെ പൃഥ്വി രമ്യയെയും,മികച്ച മിഡ്ഫീൽഡർ ആയി കണ്ണൂരിന്റെ വിനിത്രയേയും,തെരഞ്ഞെടുത്തു.
4 ഗോളുകൾ അടിച്ച് കണ്ണൂരിന്റെ നിരഞ്ജന ടോപ് സ്കോററായി.ടൂർണമെന്റിലെ വിജയികൾക്ക് ശ്രീ. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സമ്മാനം നൽകി.ബത്തേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വക്കേറ്റ് മരിയ സ്വാഗതം ആശംസിച്ചു.വയനാട് ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീ ബിനു തോമസ്, വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ,സിൽജ,കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് സുഹറ,വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി മൻസൂർ അലി,എക്സിക്യൂട്ടീവ് അംഗം സിറാജ്,സർവജന ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വിജി ടീച്ചർ,വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ടീം മാനേജർ ജോഷി എന്നിവർ സംസാരിച്ചു.വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ സെക്രട്ടറി മോഹൻദാസ് നന്ദി പറഞ്ഞു.
