കൽപ്പറ്റ : വയനാടിനെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സാമൂഹ്യപ്രവർത്തകർ രംഗത്ത്.യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് സർക്കാർ നടത്തുന്ന പ്രഖ്യാപനം ഒരു പ്രഹസനം മാത്രമാണെന്ന് സാമൂഹ്യപ്രവർത്തകരായ അമ്മിണി കെ വയനാട്, മണിക്കുട്ടൻ പണിയൻ,ലീല സന്തോഷ്,മംഗല ശ്രീധർ എന്നിവർ ആരോപിച്ചു.ചാറൊഴിച്ച കറി കൂട്ടി ഒരുനേരം പോലും കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കാനില്ലാത്ത അമ്മമാരുള്ള,ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കുടുംബങ്ങളുള്ള,വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുള്ള വയനാടിനെ എങ്ങനെ ദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാനാകുമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം അധ്യക്ഷ അമ്മിണി കെ വയനാട്, പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളുവിനെഴുതിയ തുറന്ന കത്തിൽ ചോദിച്ചു.
“ടാർപായ വലിച്ചുകെട്ടിയ ഷെഡുകളിലും ചോർന്നൊലിക്കുന്ന കൂരകളിലും നരകിച്ച് ജീവിക്കുന്ന, വൈദ്യുതി പോലുമില്ലാത്ത മനുഷ്യരെ കണ്ടില്ലെന്ന് നടിച്ചുള്ള ഈ പ്രഖ്യാപനം ആരെ ബോധിപ്പിക്കാനാണ്?” എന്ന് സാമൂഹ്യപ്രവർത്തകൻ മണിക്കുട്ടൻ പണിയൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. പട്ടികവർഗ വകുപ്പ് മന്ത്രിയുടെ സ്വന്തം പഞ്ചായത്തിലെ ബേഗൂർ കാട്ടുനായ്ക്ക ഊരിലെ ദയനീയാവസ്ഥയിലുള്ള ഒരു വീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള താരങ്ങളെ കൊണ്ടുവന്ന് കോടികൾ മുടക്കി നടത്തുന്ന പ്രഖ്യാപന മാമാങ്കത്തിന് ചെലവഴിക്കുന്ന തുകയുണ്ടെങ്കിൽ ഇതുപോലുള്ള ആയിരം കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിൽ നിന്ന് താരങ്ങൾ വിട്ടുനിൽക്കണമെന്ന് ആശാ വർക്കർമാരും ആവശ്യപ്പെട്ടിരുന്നു.അതിദരിദ്രരായ തങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ എട്ട് മാസത്തിലേറെയായി സമരം ചെയ്യുമ്പോൾ സർക്കാർ നടത്തുന്ന പ്രഖ്യാപനം വലിയ നുണയാണെന്ന് ചൂണ്ടിക്കാട്ടി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ മമ്മൂട്ടി,മോഹൻലാൽ,കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തയച്ചിരുന്നു.
