മാനന്തവാടി : മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിച്ച വയനാട് മെഡിക്കൽ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ താൽക്കാലിക അംഗീകാരം നേടിയെടുത്തതിൽ ദുരൂഹതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് അവഗണിച്ചാണ് സർക്കാർ മെഡിക്കൽ കോളേജിന് അനുമതി നേടിയെടുത്തത്.നിലവിലെ പരിമിതമായ സൗകര്യങ്ങൾ ഒരു വർഷത്തേക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.രണ്ടാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള യാതൊരു ഒരുക്കങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല.
മെഡിക്കൽ കോളേജിന് കുറഞ്ഞത് 20 ഏക്കർ സ്ഥലം ആവശ്യമാണെന്നിരിക്കെ,നഴ്സിംഗ് കോളേജിന്റെ സ്ഥലം ഉൾപ്പെടെ വെറും 8 ഏക്കർ മാത്രമാണ് മാനന്തവാടിയിൽ സർക്കാരിന്റെ കൈവശമുള്ളത്.കോളേജിനായി അമ്പുകുത്തിയിൽ 28 ഏക്കർ വനഭൂമി ആവശ്യപ്പെട്ടിട്ടുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണെന്നും ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.ചുരത്തിലെ റോഡ് വികസനത്തിന് പോലും സ്ഥലം വിട്ടുനൽകാത്ത വനംവകുപ്പ്,28 ഏക്കർ ഭൂമി നൽകുമെന്ന വാദം വിശ്വസനീയമല്ല.ഈ സാഹചര്യത്തിൽ രണ്ടാം വർഷം മുതൽ വയനാട് മെഡിക്കൽ കോളേജിൽ പഠനം നടക്കില്ലെന്ന് ഉറപ്പാണെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
