കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആദരിച്ചു.കോഴിക്കോട് ജില്ലയില്‍ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കൂ. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗവും അടിയന്തര സാഹചര്യത്തില്‍ മാത്രമേ പ്രവർത്തിക്കൂ.ഡോക്ടർമാർ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും.ഡോക്ടറെ വെട്ടിയ കേസില്‍ പിടിയിലായ സനൂപിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്.മകളുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന സംശയം സനൂപിന് ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്.തലക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്.സംഭവത്തിന് പിന്നാലെ താമരശ്ശേരി ആശുപത്രിയിൽ ഇന്നലെത്തന്നെ എല്ലാ സേവനങ്ങളും നിർത്തിവെച്ചിരുന്നു.അതേസമയം,താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.ആക്രമണം അത്യന്തം അപലപനീയമാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതിനിടെ,അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ ആരോപണം ശരിവെച്ച് ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു.കുട്ടിയുടെ ചികിത്സ വൈകിച്ചത് യാഥാർഥ്യമാണെന്നും അതിലുള്ള പ്രകോപനമാകാം ആക്രമണത്തിലേക്ക് നയിച്ചതെന്നും ബ്ലോക്ക് സെക്രട്ടറി മഹറൂഫ് കഴിഞ്ഞിദിവസം പ്രതികരിച്ചിരുന്നു. കുട്ടിക്ക് നീതി കിട്ടിയില്ല എന്ന ആക്ഷേപം കുടുംബത്തിനും നാട്ടുകാർക്കും ഉണ്ടായിരുന്നു.അക്രമണം എന്തുകാരണത്താലാണെങ്കിലും അംഗീകരിക്കാൻ കഴിയുന്നതല്ല.ആശുപത്രിയിലെ സെക്യൂരിറ്റി സംവിധാനത്തിൽ അപാകതയുണ്ടെന്നും ബ്ലോക്ക് സെക്രട്ടറി ആരോപിച്ചു.