വയനാട് ഉരുൾപൊട്ടൽ ദുരന്തം:കേന്ദ്രസർക്കാർ പൗരൻമാരോടുള്ള ഉത്തവാദിത്വം മറക്കുന്നു:എസ്.ഡി.പി.ഐ

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ, സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ലെന്ന ഹൈക്കോടതിവിമർശനം കേന്ദ്ര ഭരണകൂടം പൗരൻമാരോട് കാണിക്കുന്ന നീതികേടിന്റെ നേർക്കാഴ്ചയാണെന്നും കണ്ണീരിനുമുകളിൽ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.വയനാട് ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്ക് അർഹമായ ദുരിതാശ്വാസ സഹായം നിഷേധിക്കുന്നതിലൂടെ ഭരണകൂടം പൗരന്മാരോടുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്.കടമയും കർത്തവ്യവും മറക്കുന്ന ഭരണകർത്താക്കൾക്കെതിരെ കക്ഷിഭേദമന്യേ പൊതുസമൂഹം സമര രംഗത്തിറങ്ങണം. ദുരന്തസമയത്ത് പ്രഖ്യാപിച്ച പതിവ് സഹായ വാഗ്ദാനങ്ങൾക്കപ്പുറം,പ്രളയ-ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾക്കുള്ള ഫണ്ട് വിതരണത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും കടുത്ത വിവേചനമാണ് കേന്ദ്രസർക്കാർ കാണിക്കുന്നത്. രാജ്യത്തെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമായി തരം തിരിച്ചുള്ള സമീപനമാണ് കേന്ദ്ര ഭരണകൂടം പുലർത്തുന്നത്.രാഷ്ട്രീയ നേട്ടത്തിന് ദൂരന്തങ്ങളും ദുരിതങ്ങളും മാനദണ്ഡമാക്കരുത്.ഉദ്യോഗസ്ഥരുടെ പിടിവാശിയും മെല്ലെപ്പോക്ക് നയവും ഇരകൾക്ക് നീതി ലഭിക്കുന്നതിന് തടസ്സമാവുന്നുണ്ട്.

കേന്ദ്ര താൽപ്പര്യത്തിനോട് സമരസപ്പെട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരെ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളിൽ നിന്നും അകറ്റി നിർത്തണം. ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുകയും
മുണ്ടകൈ-ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്യണം.ഹൈക്കോടതിയുടെ പരാമർശം ഒരു താക്കീതായി കണ്ട് ത്വരിതനടപടികൾ സ്വീകരിക്കണമെന്നും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി പരിസ്ഥിതി സൗഹൃദപരമായ ശാശ്വത പരിഹാരങ്ങൾ കണ്ടെത്തണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എ യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സൽമ അഷ്റഫ്, ബബിത ശ്രീനു,എസ് മുനീർ സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ദീഖ് സ്വാഗതവും കെ മഹറൂഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *