കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും.ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചിരുന്ന സാഹചര്യത്തിൽ,ഇന്നത്തെ നടപടികൾ നിർണായകമാണ്.ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ,ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതിനായി കേന്ദ്രം മൂന്നാഴ്ചത്തെ സാവകാശം തേടിയിരുന്നു.ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ,ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ട ചില ചട്ടങ്ങൾ ഭേദഗതി ചെയ്തതിനാൽ വായ്പകൾ എഴുതിത്തള്ളുന്നത് പ്രയാസകരമായിരിക്കുമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രത്തിന് വ്യക്തമായ ഒരു നിലപാട് അറിയിക്കാൻ സാധിക്കാത്തതിനെ കോടതി മുൻപ് രൂക്ഷമായി വിമർശിച്ചിരുന്നു.ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളിയ കേരള ബാങ്കിന്റെ നടപടി ഒരു മാതൃകയാക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു.