‘വിവരിക്കാനാകാത്ത ദുരന്തം’;മുഖ്യമന്ത്രി സ്റ്റാലിന്‍ കരൂരില്‍,’രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടക്കാന്‍ പാടില്ലാത്തത്’

‘വിവരിക്കാനാകാത്ത ദുരന്തം’;മുഖ്യമന്ത്രി സ്റ്റാലിന്‍ കരൂരില്‍,’രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടക്കാന്‍ പാടില്ലാത്തത്’

ചെന്നൈ : ടിവികെ റാലിക്കിടെ തിരക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായ കരൂരില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തി.കരൂര്‍ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ എത്തിയത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ജനപ്രതിനിധികളോടും സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ വിവരങ്ങളും മുഖ്യമന്ത്രി ആരാഞ്ഞു.

ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും റോഡുമാര്‍ഗമാണ് അദ്ദേഹം കരൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ദുരന്തത്തിൽ 39 പേരാണ് മരിച്ചത്. മരിച്ചവരില്‍ 38 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരില്‍ ബഹുഭൂരിപക്ഷവും കരൂര്‍ സ്വദേശികളാണ്. ഒന്നര വയസ്സുള്ള കുഞ്ഞ് അടക്കം 9 കുട്ടികളും 17 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.കരൂരില്‍ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാന്‍ പാടില്ലാത്തതുമാണ്.സ്റ്റാലിന്‍ വ്യക്തമാക്കി.

ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.ജുഡീഷ്യല്‍ അന്വേഷണത്തില്‍ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സംഭവത്തില്‍ ടിവികെ തലവന്‍ വിജയ് യെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോള്‍ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നതെങ്കിലും ഒന്നരലക്ഷത്തോളം പേരാണ് എത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.ദുരന്തത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തമിഴ്നാട് ഡിജിപി പറഞ്ഞു. റാലിക്ക് സ്ഥലം അനുവദിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ല. റാലിയിൽ ടിവികെ നേതാവ് വിജയ് എത്താൻ വൈകിയതാണ് ദുരന്തത്തിന് കാരണമെന്നും ഡിജിപി പറഞ്ഞു.ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിനായി തമിഴ്നാട് സർക്കാർ ഹെൽപ്‌ലൈൻ നമ്പറുകൾ തുറന്നു.വാട്സാപ് : 70108 06322 ലാൻഡ് ലൈൻ: 04324 – 256306, 04324 – 25751 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *