കൊച്ചി : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു.ഓണാവധിക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.കേസ് പരിഗണിക്കവെ വിജിലന്‍സ് കോടതി ഉത്തരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹൈക്കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.
ഈ സംശയങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി,വിശദമായ വാദം കേള്‍ക്കുന്നതു വരെ വിജിലന്‍സ് കോടതി വിധിയില്‍ സ്‌റ്റേ അനുവദിക്കുകയായിരുന്നു.രണ്ടു ഭാഗത്തിന്റേയും വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി സൂചിപ്പിച്ചു.സര്‍ക്കാരിന്റെ അനുമതിയില്ലെങ്കിലും വിജിലന്‍സ് കേസ് നിലനില്‍ക്കുമെന്നായിരുന്നു വിജിലന്‍സ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത് തള്ളിക്കളഞ്ഞതിനെതിരെയാണ് എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം അഴിമതി നിരോധന നിയമത്തിലെ 17 (എ) ചട്ടപ്രകാരം നിലനില്‍ക്കുന്നതാണോ എന്ന് കോടതി കഴിഞ്ഞദിവസം ആരാഞ്ഞിരുന്നു.അഴിമതി നിരോധന നിയമപ്രകാരമായിരുന്നു വിജിലന്‍സ് അന്വേഷണമെങ്കില്‍ അനുമതി തേടേണ്ടതായിരുന്നു എന്നും ജസ്റ്റിസ് ബദറുദീന്‍ വ്യക്തമാക്കിയിരുന്നു.
മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി വിജിലന്‍സിനോട് ചോദിച്ചിരുന്നു.കേസില്‍ അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.അന്വേഷണം സംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.കേസന്വേഷണം സംബന്ധിച്ച് വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം വിശദീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.