കല്‍പ്പറ്റ ഗവണ്മെന്റ്  കോളജിന് നാക് എ ഗ്രേഡ്

കല്‍പ്പറ്റ ഗവണ്മെന്റ് കോളജിന് നാക് എ ഗ്രേഡ്

കല്‍പ്പറ്റ : കോളേജുകളുടെ പ്രവര്‍ത്തനമികവുവിലയിരുത്തുന്ന നാക് അക്രഡറ്റേഷന്‍ ഗ്രേഡിംഗില്‍ എ ഗ്രേഡ് സ്വന്തമാക്കി എന്‍ എം എസ് എം ഗവണ്മെന്റ് കോളേജ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമമന്ത്രി ഒ. ആര്‍. കേളു കോളേജിന്റെ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍പ് ബി പ്ളസ് ആയിരുന്ന കോളേജ് ബി പ്ളസ് പ്ളസ് എന്ന സ്റ്റേജും കടന്നാണ് ഈ നേട്ടം കരസ്ഥമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് എല്ലാ കോളേജുകളിലും സർവ്വകലാശാലകളിലും നൈപുണി വികസന കേന്ദ്രങ്ങൾ സർക്കാർ കൊണ്ടുവരുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു.പഠനത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും വിദ്യാർത്ഥികൾക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് ആരംഭിച്ച ചടങ്ങിൽ പ്രിന്‍സിപ്പാള്‍ ഡോ. സുബിന്‍ പി ജോസഫ് അദ്ധ്യക്ഷനായി. പി ടി എ വൈസ് പ്രസിഡന്റ് പ്രദീശന്‍ കെ പി, അദ്ധ്യാപകരായ ഡോ. രാജി മോള്‍ എം.എസ്, ഡോ. രാഹുൽ കെ., വര്‍ഗീസ് ആന്റണി, സീനിയര്‍ സൂപ്രണ്ട് സിജു സി എം, യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ നാഥ് എന്നിവര്‍ സംസാരിച്ചു.

എൻ. സി. സി. കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് മന്ത്രിയെ സ്വീകരിച്ചത്.ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന നാക് പ്രതിനിധി സന്ദര്‍ശനത്തില്‍ അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാര്‍ത്ഥി സമൂഹത്തിനൊപ്പം രക്ഷിതാക്കളുടെ പ്രതിനിധികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. പ്രിന്‍സിപ്പാള്‍, ഐ ക്യു എ സി കോ ഓര്‍ഡിനേറ്റര്‍, വകുപ്പുമേധാവികള്‍ എന്നിവര്‍ക്കു പുറമേ, വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവരുമായും സംഘം സംവദിച്ചു. പ്രധാന പഠന വകുപ്പുകൾ, ജൈവ വൈവിധ്യ ഉദ്യാനങ്ങൾ, സൗരോർജ്ജ പദ്ധതി, വിവിധ ലാബുകൾ, മീഡിയ സ്റ്റുഡിയോ, ജിംനേഷ്യം, ഭാഷ ലാബ്, കൂടാതെ കോളേജിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളായ ബാംബൂ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ തുടങ്ങിയവയും സന്ദർശിച്ചു. കോളേജിലെ വിദ്യാർത്ഥികളുടെ ബൗദ്ധിക വളർച്ചയോടൊപ്പം, സാമൂഹിക പ്രതിബദ്ധത പരിപോഷിപ്പിക്കാൻ വിഭാവനം ചെയ്ത സതീർഥ്യ, സഹവർത്തിത്വ എന്നീ പ്രവർത്തനങ്ങൾ ബെസ്റ്റ് പ്രാക്ടീസെസ് എന്ന നിലയിൽ നാക് സംഘത്തിന്റെ ശ്രദ്ധ ആകർഷിച്ചു.

ഇ-ഊര് വായനാ കൂട്ടം, സ്പീക്ക് ഔട്ട് ചർച്ചാ പരിപാടി, ഓണസ്റ്റി സെൽഫ് സർവീസ് ഷോപ്പ്, ഗോത്ര വിഭാഗങ്ങൾക്കായുള്ള പഠന സഹായ പ്രവർത്തനങ്ങൾ, ഡിജിക്ലിനിക് എന്നിങ്ങനെ ഉള്ള പ്രവർത്തനങ്ങൾ ആണ് ഇവയ്ക്ക് കീഴിൽ സംഘടിപ്പിച്ചത്.വയനാടിന്റെ കലാ സാംസ്‌കാരിക ചരിത്രം ഓര്‍മ്മപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പൂര്‍ണ്ണമായും വീക്ഷിച്ചാണ് സംഘം മടങ്ങിയത്.
നേരത്തെ ഓണ്‍ലൈനായി സമര്‍പ്പിച്ച രേഖകളും സന്ദര്‍ശനവും കണക്കിലെടുത്താണ് കോളേജിന് ഈ ഗ്രേഡ് ലഭിച്ചത്.നാക് സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. പുറമേ അദ്ധ്യാപക-രക്ഷാകര്‍തൃസമിതിയും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി.നിലവില്‍ ആറു ബിരുദകോഴ്‌സുകളും നാലു ബിരുദാനന്ദരബിരുദകോഴ്‌സുകളുമാണ് കോളേജിലുള്ളത്. റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് എന്നപദവി കൊമേഴ്‌സ് വകുപ്പ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *