എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് ആരംഭിച്ചു

കമ്പളക്കാട് : 32ാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് മത്സരങ്ങള്‍ക്ക് തുടക്കമായി. 5 ഡിവിഷനുകളില്‍ നിന്നായി 1000ത്തില്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു.സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മുസ്്‌ലിയാര്‍ വെള്ളമുണ്ടയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സംഗമത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റംശാദ് ബുഖാരി അധ്യക്ഷത വഹിച്ചു.സാഹിത്യകാരന്‍ കെ ടി സൂപ്പി മുഖ്യാതിഥിയായി.മനുഷ്യഹൃദയങ്ങളില്‍ നന്മ വളര്‍ത്തുന്ന മഹത്തായ പ്രക്രിയകളുടെ പേരാണ് കലയും സര്‍ഗാത്മകതയുമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യനെ ഏറ്റവും നല്ല മനുഷ്യനായി രൂപാന്തരപ്പെടുത്തുന്നതില്‍ സര്‍ഗാത്മകതക്ക് തുല്യതയില്ലാത്ത പങ്കുണ്ട്.നമുക്ക് നമ്മളെ എങ്ങനെ കണ്ടെത്താന്‍ കഴിയുമെന്ന കാലം ആവശ്യപ്പെടുന്ന മൗലിക ചോദ്യത്തിനുള്ള ലളിതമായ ഉത്തരം കൂടിയാണ് കലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അപരനെ ആദരിക്കാനും മനുഷ്യസ്നേഹത്തെ ഹൃദയങ്ങളില്‍ വിളക്കിച്ചേര്‍ക്കാനും ഒരു നല്ല സാഹിത്യകാരന് കഴിയും. ഈ സര്‍ഗാത്മക മൂല്യങ്ങളാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം എസ് എസ് എഫ് സാഹിത്യോത്സവ്കളിലൂടെ സമൂഹത്തിന് സംഭാവന ചെയ്തു വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ സന്ദേശ പ്രഭാഷണം നടത്തി. കെ ഒ അഹ്‌മദ് കുട്ടി ബാഖവി, ബശീര്‍ സഅദി നെടുങ്കരണ, അലി മുസ്്‌ലിയാര്‍ വെട്ടത്തൂര്‍, ശുക്കൂര്‍ സംസാരിച്ചു. മുഹമ്മദ് അലി ഫൈസി, യു പി അലി ഫൈസി, സഅദ് ഖുത്വുബി, ഡോ. ഇര്‍ഷാദ്, മുഹമ്മദ് അനസ് സഖാഫി പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ബശീര്‍ കുഴിനിലം സ്വാഗതവും സെക്രട്ടറി മുഹമ്മദ് മുര്‍ശിദ് സഖാഫി വെള്ളമുണ്ട നന്ദിയും പറഞ്ഞു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവിന് ഇന്ന് വൈകിട്ട് തിരശ്ശീല വീഴും. ഇന്ന് (ഞായര്‍) വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സെഷന്‍ എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക ഉദ്ഘാടനം ചെയ്യും.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശരീഫ് സഖാഫി ചീരാലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് റഹ്‌മാന്‍ വാരിയാട് അനുമോദന പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *