മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

കൽപ്പറ്റ : കേരളം ഭരിക്കുന്നത് സ്ത്രീകളുടെ കണ്ണീര് വീഴ്ത്തിയ സര്‍ക്കാര്‍;
ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ല: കെ മുരളീധരന്‍
കല്‍പ്പറ്റ: ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ലെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വയനാട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ കണ്ണീര് വീഴ്ത്തിയ സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ആശാവര്‍ക്കര്‍മാര്‍ 90 ദിവസമായി സമരം നടത്തിയിട്ടും ഒരു രൂപ പോലും അവര്‍ക്ക് വര്‍ധിപ്പിച്ചുകൊടുക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. മാത്രമല്ല, സെക്രട്ടറിയേറ്റിന് മുമ്പില്‍ വനിതാപൊലീസ് ഉദ്യോഗാര്‍ഥികളുടെയും കണ്ണീര് വീണു. സ്ത്രീകളുടെ കണ്ണീര് വീണാല്‍ സാമ്രാജ്യങ്ങള്‍ തകരുമെന്നതിന് എത്രയോ ഉദ്ദാഹരണങ്ങളുണ്ട്. പുരാണവും ചരിത്രവും പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ സ്വന്തം സഖാവായ ശ്രീമതിടീച്ചറുടെ കണ്ണീരും വീണു, അവരെ പുറത്താക്കി. രാജ്യത്തെ ഭീകരവാദി ആക്രമണത്തില്‍ 26 പേര്‍ മരിച്ചുകിടക്കുമ്പോള്‍, മാര്‍പാപ്പ മരിച്ചുകിടക്കുമ്പോള്‍ എ കെ ജി സെന്റര്‍ ഉദ്ഘാടനം ചെയ്തവരാണ് നിങ്ങളെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം മാത്രമായ മുഖ്യമന്ത്രി ദേശീയ സെക്രട്ടരി എം എ ബേബിയെ മൂന്നാംനിരയിലിരുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിന് തീ പിടിച്ച് നാലു പേരാണ് മരിച്ചത്. സര്‍ക്കാര്‍ പറയുന്നത് മരണം ഹൃദയാഘാതം മൂലമാണെന്നാണ് പറയുന്നത്. എല്ലാ രോഗികളും മരിക്കുന്നത് ഹൃദയം നിലക്കുമ്പോഴാണ്. എന്നാല്‍ അതിന്റെ മൂലകാരണം തീപിടുത്തം തന്നെയാണ്. ഇന്നലെ വീണ്ടും തീപിടുത്തമുണ്ടായി. ഇപ്പോള്‍ ആളുകള്‍ പറയുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ അത്യാഹിത വിഭാഗത്തിലെത്തിയാല്‍ വലിയ താമസമിവ്വാകെ പരലോകത്തേക്ക് പോകാമെന്നാണ്. പാവപ്പെട്ട മൂന്ന് കുട്ടികളാണ് പേവിഷബാധയുടെ വാക്‌സിനെടുത്തിട്ടും മരിച്ചത്. വാക്‌സിനുകള്‍ അനുയോജ്യമായ രീതിയിലാണോ സൂക്ഷിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ ഇവിടെ പരിശോധിക്കേണ്ടതാണ്. എന്നാല്‍ ആരോഗ്യമന്ത്രി ഇതൊന്നും കാണുന്നില്ല. ആ കുടുംബങ്ങളുടെ കണ്ണുനീര്‍ കാണുന്നില്ല. മുഖ്യമന്ത്രി രാജി വെക്കുന്നതിന് മുമ്പ് ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സഖാക്കളായി മരിക്കണമെങ്കില്‍ ഞങ്ങളെ തോല്‍പ്പിക്കണമെന്നാണ് സാധാരണക്കാരായ പാര്‍ട്ടി അനുഭാവികള്‍ പറയുന്നത്. ഇനിയും പിണറായി അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടി അതിനുമുമ്പെ ഇല്ലാതാകുമെന്നാണ് അവര്‍ പറയുന്നത്. പ്രതിപക്ഷ നേതാവാകാനുള്ള യോഗം പോലും ഇനി മുഖ്യമന്ത്രിക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ എക്‌സാലോജിക് കമ്പനി യാതൊരു സേവനവും നടത്താതെയാണ് സി എം ആര്‍ എല്ലില്‍ നിന്നും രണ്ടുകോടി രൂപ വാങ്ങിയത്. എസ് എഫ് ഐ ഒ അന്വേഷണം നടത്തി ചെയ്യാത്ത സേവനത്തിന് പണം വാങ്ങിയതായുള്ള കണ്ടെത്തല്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. മകള്‍ ഇങ്ങനെയൊരു കേസില്‍ പ്രതിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി ജയിലിലായി. ആ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കെ എം അബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരിക്കുകയാണ്. ഹൈക്കോടതി കേസ് എടുക്കാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സുപ്രീംകോടതി സ്‌റ്റേ നല്‍കിയിരിക്കുകയാണ്. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് കടന്നിട്ടില്ല. പ്രതിപട്ടികയില്‍ ഇപ്പോഴും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുണ്ട്. രണ്ട് സര്‍ക്കാരുകളുടെ കാലത്തും പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേരളാഹൗസില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഡീലാണ്. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഗവര്‍ണറും, കെ വി തോമസുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇത് അന്തര്‍ധാരയുടെ ഭാഗമാണ്. 2026-ല്‍ സി പി എമ്മിനെ വിജയിപ്പിച്ചാല്‍ 2031-ല്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കുമെന്നതാണ് ആ ഡീലെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. പി കെ ജയലക്ഷ്മി, കെഎല്‍ പൗലോസ്, പി പി ആലി, സി പി വര്‍ഗ്ഗീസ്, എന്‍ കെ വര്‍ഗീസ് , ടി ജെ ഐസക്, കെ കെ വിശ്വനാഥന്‍, കെ ഇ വിനയന്‍, സംഷാദ് മരക്കാര്‍, ഒ വി അപ്പച്ചന്‍ , എം എ ജോസഫ്, വി എ മജീദ്, കെ വി പോക്കര്‍ ഹാജി, എംജി ബിജു ,ബിനു തോമസ് , എന്‍ സി കൃഷ്ണകുമാര്‍, കമ്മന മോഹനന്‍ ,ഡി പി രാജശേഖരന്‍, സി ജയപ്രസാദ്, പി ഡി സജി ,പി കെ അബ്ദുറഹ്‌മാന്‍, ശോഭന കുമാരി, ചിന്നമ്മ ജോസ് , എന്‍ യു ഉലഹന്നന്‍ ,ബീന ജോസ് ,ജി വിജയമ്മ , പി വി ജോര്‍ജ് , പി വിനോദ് കുമാര്‍ , എച്ച് ബി പ്രദീപ് മാസ്റ്റര്‍, ഒ ആര്‍ രഘു , നജീബ് കരണി, മോയിന്‍ കടവന്‍, പോള്‍സണ്‍ കൂവക്കല്‍ , വര്‍ഗീസ് മൂരിയങ്കാവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *