കല്പറ്റ : മുണ്ടകൈ ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. ദുരിതബാധിതർ വീടും, സ്ഥലവും, ജീവിതമാർഗ്ഗവും നഷ്ടപ്പെട്ടവരാണ്. എന്നിട്ടും അവരുടെ വായ്പ പുനഃക്രമീകരിക്കാൻ മാത്രമേ കഴിയുവെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അത് ആശ്വാസമല്ല, വഞ്ചനയാണ്. ഈ നിസ്സംഗത അപലപനീയമാണെന്നും ദുരിതബാധിതർക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് നീതി ലഭിക്കുന്നത് വരെ അവരുടെ ശബ്ദം എല്ലാ വേദികളിലും ഉന്നയിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.