ന്യൂഡൽഹി : റബറിനെ താങ്ങുവിളകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ ചോദ്യത്തിന് മുളകിനെ ഉൾപ്പെടുത്തി എന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടിയിൽ പ്രതിപക്ഷ എം.പി.മാർ പാർലമെന്റിൽ പ്രതിഷേധിച്ചു. സർക്കാർ നേരത്തെ പ്രഖ്യാപിച്ച വിദർഭ പാക്കേജിൽ കേരളത്തിലെ വയനാട്, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്നുണ്ടെന്നും ഈ മൂന്നു ജില്ലകളിലെ പുരോഗതി വിലയിരുത്താൻചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകമായ യോഗം വിളിക്കുമോ എന്നും പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്റിൽ ചോദ്യോത്തരവേളയിൽ ചോദ്യമുന്നയിച്ചു. കേരളത്തിലെ റബ്ബർ കർഷകർ അനുഭവിക്കുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ റബ്ബറിനെ താങ്ങു വിളകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുമോ എന്നും അടിക്കടി ഉണ്ടാവുന്ന സുഗന്ധവിളകളുടെ വിലയുടെ കാര്യത്തിൽ സർക്കാരിന് എന്തെങ്കിലും പദ്ധതികൾ ഉണ്ടോ എന്നുമായിരുന്നു പ്രിയങ്ക ഗാന്ധി ചോദ്യമായി ഉന്നയിച്ചത്. ചൂരലമല ദുരന്തത്തിന് ശേഷം പ്രധാനമന്ത്രി നേരിട്ട് കണ്ട ദുരന്തത്തിൽ വയനാട്ടിലെ കർഷകർക്ക് പ്രധാനമന്ത്രിയുടെ സഹാനുഭൂതി ഉണ്ടാവുമോ എന്നും അവർ ചോദ്യം ഉന്നയിച്ചു. എന്നാൽ ഇതിനു മറുപടി പറഞ്ഞ മന്ത്രി റബ്ബറിനെ കുറിച്ച് പരാമർശിക്കാതെ മുളകിനെ താങ്ങുവിലയുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്. ഇത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കി.