ഉരുൾ ദുരന്ത മുന്നറിയിപ്പ് നൽകി രക്തസാക്ഷിയായരാമസ്വാമിയുടെ മക്കളും പുനരധിവാസ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്ത്

ഉരുൾ ദുരന്ത മുന്നറിയിപ്പ് നൽകി രക്തസാക്ഷിയായരാമസ്വാമിയുടെ മക്കളും പുനരധിവാസ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്ത്

കൽപ്പറ്റ : ഉരുൾ ദുരന്തത്തിൽ ഇരകളായവരിൽ പലരും സർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് കാത്ത് കഴിയുകയാണ്. അക്കൂട്ടത്തിലാണ് പുഞ്ചിരിമട്ടത്തെ രാമസ്വാമിയുടെ പെൺമക്കളും . അച്ചനും അമ്മയുമടക്കം സർവ്വതും നഷ്ടപ്പെട്ടിട്ടും വീടിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽ ഇവരില്ല. മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്നാണാവശ്യം. മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിൽ പുനരാധിവാസവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഇപ്പോഴും നിലനിൽക്കുന്നത്. പരിഷ്കരിച്ച ലിസ്റ്റിൽ ആറുപേരെ കൂടി ഉൾപ്പെടുത്തിയിട്ടും പലരും ലിസ്റ്റിൽ പുറത്താണ് . സർക്കാർ നിശ്ചയിച്ച മാനദണ്ഡമാണ് പലർക്കും വിനയായത്. മരിച്ചവരുടെ അവകാശികൾ പെൺകുട്ടികൾ ആണെങ്കിൽ അവരെ വിവാഹം കഴിച്ച് അയച്ചാൽ ഭർത്താവിൻറെ പേരിൽ സ്ഥലം ഉണ്ടെങ്കിൽ ടൗൺഷിപ്പിലെ വീടിന് അർഹത ഇല്ലെന്നാണ് മാനദണ്ഡം . അതുകൊണ്ടുതന്നെ അവകാശികൾ പലരും ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് പുറത്തായിട്ടുണ്ട്. പുഞ്ചിരി മട്ടത്തെ മഠത്തിൽ രാമസ്വാമിയും ഉരുൾ ദുരന്തത്തിൽ മരിച്ചയാളാണ്.ദുരന്തത്തിന്റെ തലേന്നാളായ ജൂലായ് 29 ന് മാധ്യമ പ്രവർത്തകർ പുഞ്ചിരി മട്ടത്ത് എത്തിയപ്പോൾ രാമസ്വാമി ഉരുൾ ദുരന്ത മുന്നറിയിപ്പ് നൽകിയിരുന്നു. സരസ്വതി, ഷൈല,പാഞ്ചാലി എന്നീ മൂന്ന് പെൺമക്കളാണ് രാമസ്വാമിക്ക് .ഇവരിൽ ഒരാളായ ഷൈലക്ക് വീട് നൽകണം എന്നാണ് മറ്റു രണ്ട് സഹോദരിമാരുടെയും ആവശ്യം.

എന്നാൽ പലതവണ പരാതികൾ നൽകിയിട്ടും ഒരു ലിസ്റ്റിലും തങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് ഇവർ പറയുന്നു.പുനരധിവാസവുമായി ബന്ധപ്പെട്ട ചൂരൽമല മുണ്ടക്കൈ നിവാസികൾ നടത്തുന്ന എല്ലാ സമരത്തിലും രാമസ്വാമിയുടെ മക്കളുമുണ്ട്. നിരവധി പേരാണ് ഇവരെപ്പോലെ സർക്കാർ മാനദണ്ഡത്തിൽ ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് പുറത്തുപോയിട്ടുള്ളത്. ഇക്കാര്യം കഴിഞ്ഞദിവസം വയനാട്ടിലെത്തിയ റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽ മാധ്യമ പ്രവർത്തകർ പെടുത്തിയെങ്കിലും അനുകൂലമായ ഒരു തീരുമാനവും തീരുമാനവും മന്ത്രി പ്രഖ്യാപിച്ചില്ല . ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർമ്മസമിതി ഭാരവാഹികൾ എന്നിവരെല്ലാം ഇതുപോലുള്ള നിബന്ധനകൾ പരിഷ്കരിക്കണമെന്ന് വിവിധ യോഗങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട് .ഉടൻതന്നെ മാനദണ്ഡങ്ങളിൽ ഇരകൾക്ക് അനുകൂലമായ തിരുത്തലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *