കല്‍പ്പറ്റ : ഉരുള്‍ദുരന്തബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കും വഞ്ചനക്കുമെതിരെ യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ വയനാട് കലക്ട്രേറ്റ് വളഞ്ഞ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു.ഉരുള്‍ദുരന്തബാധിതരോട് ഇരുസര്‍ക്കാരുകളും നിഷേധാത്മകമായ, കണ്ണില്‍ചോരയില്ലാത്ത നടപടികളാണെന്ന് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. ജനങ്ങള്‍ നല്കിയ പണമുണ്ടായിട്ടും, ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ നടപടിയുണ്ടാകുന്നില്ല. ദുരന്തബാധിതരുടെ പുനരധിവാസം, പരിക്കുപറ്റിയവരുടെ തുടര്‍ചികിത്സ എന്നിങ്ങനെയുള്ള അടിയന്തര ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ ദുരന്തബാധിതരുടെ ആവശ്യങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണം. അല്ലാത്തപക്ഷം, ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് യു ഡി എഫ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ യു ഡി എഫ് ആരംഭിച്ച രാപകല്‍സമരം വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ അവസാനിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കലക്ട്രേറ്റ് വളഞ്ഞ് പ്രതിഷേധിച്ചത്. കലക്ട്രേറ്റിന്റെ പ്രധാനകവാടത്തിന് മുമ്പിലും മറ്റ് രണ്ട് വഴികളിലുമെത്തി യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടയില്‍ കലക്ട്രേറ്റിലേക്ക് ജീവനക്കാരെ കയറ്റാനുള്ള ശ്രമം നേരിയ സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കുകയായിരുന്നു. രാവിലെ പതിനൊന്നരയോടെ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് കലക്ട്രേറ്റ് വളയല്‍ സമരം അവസാനിപ്പിച്ചത്.
നേതാക്കളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പൊലീസ് വാഹനത്തിന് മുന്‍വശത്തേക്കെത്തിയ പ്രവര്‍ത്തകര്‍ പഴയ ബസ്റ്റാന്റ് വരെ മുദ്രാവാക്യം വിളിച്ചു മുന്നോട്ടുപോയി. ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റും കെ പി സി സി മെമ്പറും കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കണ്‍വീനറുമായ പി പി ആലി, യു ഡി എഫ് നിയോജകമണ്ഡലം ചെയര്മാന് ടി ഹംസ, അഡ്വ. ടി ജെ ഐ സക്, റസാഖ് കല്‍പ്പറ്റ, ബി സുരേഷ്ബാബു, സലീം മേമന, അഷ്റഫ് മേപ്പാടി, ജ്യോതിഷ്കുമാര്‍, ഷെമീര്‍, മുത്തു പഞ്ചാര തുടങ്ങിയ നേതാക്കളാണ് അറസ്റ്റ് വരിച്ചത്. ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെ വേഗത്തിലാക്കിയില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. ദുരന്തം നടന്ന് ഏഴ് മാസം പിന്നിടുമ്പോഴും പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയ്യാറാക്കാന്‍ പോലും സര്‍ക്കാരിന് സാധിച്ചില്ല. വീടുകള്‍ പൂര്‍ണ്ണമായി നഷ്ടമായവര്‍, ഭാഗികമായി വീടുകള്‍ പോയവര്‍, നോ ഗോണ് സോണ്‍, ഒറ്റപ്പെട്ട വീടുകള്‍, പാടികള്‍ എന്നിങ്ങനെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും ഗുണഭോക്തൃ ലിസ്റ്റ് പുറത്തിറക്കാനാവാത്തത് ഗുരുതരവീഴ്ചയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. പുനരധിവാസത്തിന് സ്ഥലത്തിന്റെ കമ്പോളവില മാനദണ്ഡമാക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ദുരന്തബാധിതരുടെ തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ അടക്കം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ അക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടായില്ല.
ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് കേന്ദ്ര-കേരള സര്‍ക്കാരുകളോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ദുരന്തബാധിതരായ കുടുംബത്തിലെ രണ്ട് പേര്‍ക്ക് 300 രൂപ വീതം മൂന്ന് മാസമാണ് നല്‍കിയത്. കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും അത് പൂര്‍ണമായി പ്രാവര്‍ത്തികമായിട്ടില്ല. ഇനിയും സമാനമായ രീതിയില്‍ ഉദാസീനതയും അലംഭാവവും തുടര്‍ന്നാല്‍ നീതി കിട്ടുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും കലക്ട്രേറ്റ് വളയല്‍ സമരത്തില്‍ സംസാരിച്ച അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കി. ടി ഹംസ അധ്യക്ഷനായിരുന്നു. കെ കെ അഹമ്മദ് ഹാജി, എന്‍ ഡി അപ്പച്ചന്, പി പി ആലി, രമ്യാ ഹരിദാസ്, എം സി സെബാസ്റ്റ്യന്‍, അഡ്വ. ടി ജെ ഐസക്, സലീം മേമന, റസാഖ് കല്‍പ്പറ്റ, ബി സുരേഷ് ബാബു, പോള്‍സണ്‍ കൂവയ്ക്കല്‍, എം മുഹമ്മദ്ബഷീര്‍, എം ജെ ജോസഫ്, പി കെ അബ്ദുറഹ്മാന്, ബിനു തോമസ്, പി വിനോദ്കുമാര്‍, ഗിരീഷ് കല്‍പ്പറ്റ, അരുണ്‍ദേവ്, എം പി നവാസ്, ഹര്‍ഷല്‍ കോന്നാടന്‍, ഷിഹാബ് മേപ്പാടി തുടങ്ങിയ നിരവധി നേതാക്കള്‍ സംസാരിച്ചു.