പ്രധാനമന്ത്രിയുടെ വസതിക്ക്‌ മുന്നിൽ രാപകൽ സമരം : എൽ.ഡി..എഫ്‌ വാഹനപ്രചാരണ ജാഥ തുടങ്ങി

പ്രധാനമന്ത്രിയുടെ വസതിക്ക്‌ മുന്നിൽ രാപകൽ സമരം : എൽ.ഡി..എഫ്‌ വാഹനപ്രചാരണ ജാഥ തുടങ്ങി

കൽപ്പറ്റ : എൽ.ഡി.എഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ വാഹന പ്രചാരണ ജാഥ തുടങ്ങി. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കും വന്യമൃഗ ആക്രമണം ഉൾപ്പെടെ ജില്ല നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളും ഉയർത്തിയാണ്‌ രാജ്യതലസ്ഥാനത്തെ പ്രക്ഷോഭം.എൽ.ഡി.എഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ക്യാപ്‌റ്റനും സി.പി.ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു വൈസ്‌ ക്യാപ്‌റ്റനുമായ ജാഥ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ബുധൻ രാവിലെ വടുവഞ്ചാലിൽ ഉദ്‌ഘാടനംചെയ്തു.

പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ 24, 25 തീയതികളിലാണ്‌ രാപകൽ സമരം.ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ 2000 കോടി രൂപ അനുവദിക്കുക, 1972ലെ വനനിയമം ഭേദഗതി ചെയ്യുക,വന്യജീവി പ്രശ്‌നപരിഹാരത്തിന്‌ 1000 കോടി അനുവദിക്കുക, ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കുക, വയനാട്‌ നഞ്ചൻങ്കോട്‌, തലശേരി മൈസൂരു റെയിൽവേ നടപ്പാക്കുക, വനം റവന്യു ജോയിന്റ്‌ സർവേ പൂർത്തീകരിച്ച കർഷകർക്ക്‌ പട്ടയം നൽകുക, ബദൽ റോഡുകൾക്ക്‌ കേന്ദ്രഅനുമതി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ രാജ്യതലസ്ഥാനത്തെ സമരം.ജാഥ ഉദ്‌ഘാടനത്തിൽ പി സി ഹരിദാസൻ അധ്യക്ഷനായി. ഷംസുദ്ദീൻ സ്വാഗതം എറഞ്ഞു. മേപ്പാടി, വൈത്തിരി, പൊഴുതന, പിണങ്ങോട്‌, കാവുമന്ദം, പടിഞ്ഞാറത്തറ, വെണ്ണിയോട്‌, കൽപ്പറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌, വിജയൻ ചെറുകര, എൻ ഒ ദേവസി, സി എം ശിവരാമൻ, കുര്യാക്കോസ്‌ മുള്ളൻമട, ഡി രാജൻ, ഷാജി ചെറിയാൻ, ഇബ്രാഹിം, സണ്ണി മാത്യു, വീരേന്ദ്രകുമാർ, കെ വിശ്വൻ, രഞ്‌ജിത്ത്‌ എന്നിവർ സംസാരിച്ചു.വ്യാഴ്‌ചത്തെ ജാഥ 15ലേക്ക്‌ മാറ്റി. വെള്ളിയാഴ്‌ചത്തെ ജാഥ നേരത്തെ നിശ്ചയിച്ചതുപോലെ പര്യടനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *