കൽപ്പറ്റ : പൂക്കോട് വെറ്റിറിനറി സർവ്വകലാശാല ആസ്ഥാനത്ത് അന്താരാഷ്ട്ര ലൈവ് സ്റ്റോക്ക് കോൺക്ലേവ് തുടങ്ങി | നാളെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.കന്നുകാലി, മൃഗ പരിപാലന രംഗത്തെ സമഗ്ര വളർച്ച ലക്ഷ്യമിട്ടാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കോൺക്ലേവിന്റെ ഭാഗമായി വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിങ്, അക്വഫാമിങ്, പോൾട്രി, അഗ്രിക്കൾച്ചർ എന്നിവയുടെ സ്റ്റാളുകളാണ് ഒരുക്കുന്നത്. പക്ഷിമൃഗാദികളുടെ ലൈവ് പ്രദർശനവും വിവിധ എക്സ്പോകളും നടത്തുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പിനു കീഴിലുള്ള വിവിധ ഏജൻസികളുടെയും സർക്കാർ ഇതര സ്ഥാപനങ്ങളുടെയും പ്രദർശന സ്റ്റാളുകൾ ഉണ്ടാകും. കന്നുകാലി, ക്ഷീര കാർഷിക മേഖലയുടെ സാധ്യതകൾ, വെല്ലുവിളികൾ, ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവി ആക്രമണം തടയുന്നതിനുള്ള സാധ്യതകൾ, ക്ഷീര കാർഷിക മേഖലയിലുൾപ്പടെയുള്ള സംരംഭകത്വ ശാക്തീകരണം, സമുദ്ര മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ സെമിനാറുകൾ നയിക്കും.പാൽ, പാലുൽപന്നങ്ങൾ, മുട്ട, മാംസം തുടങ്ങിയ മൂല്യ വർധിത വസ്തുക്കളുടെ ഉൽപാദനക്ഷമതയും വികാസവും ഉറപ്പുവരുത്തുക, കന്നുകാലി- മൃഗ പരിപാലന മേഖലയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ ആവിശ്യമായ സഹായങ്ങൾ നൽകുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക എന്നിവയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നതത്.കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 21ന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ടി സിദ്ധിഖ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ സംബന്ധിക്കും.
