മേപ്പാടി : കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇഞ്ചി വ്യാപാരികളുടെ സംഘടനയായ ഗ്രീൻ ജിഞ്ചർ ഡീലേഴ്സ് അസോസിയേഷൻ, മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജ്യോതി തണൽ ഡയാലിസിസ് സെന്ററിലേക്ക് നൽകിയ ഡയാലിസിസ് മെഷീനിന്റെ സ്വിച്ച് ഓൺ കർമം സംഘടനയുടെ പ്രസിഡന്റ് സാബു ഐപ്പ് നിർവഹിച്ചു. കഴിഞ്ഞ രണ്ടുവർഷം മുമ്പ് രൂപീകരിച്ച സംഘടനയിലെ 150 ഓളം വരുന്ന അംഗങ്ങളിൽ നിന്നായി സമാഹരിച്ച 7 ലക്ഷം രൂപ വിനിയോഗിച്ചാണ് മെഷീൻ വാങ്ങിയത്. മേപ്പാടി കേന്ദ്രീകരിച്ച് കഴിഞ്ഞ 20 വർഷത്തിലധികമായി സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റി 6 വർഷം മുമ്പ് ആരംഭിച്ച ജ്യോതി തണൽ ഡയാലിസിസ് സെന്ററിൽ 32 പേർ തീർത്തും സൗജന്യമായി ഡയാലിസിസ് ചെയ്തു വരുന്നുണ്ട്. കൂടാതെ പാലിയേറ്റീവ് കെയർ ഒപി, ഹോം കെയർ, കമ്മ്യൂണിറ്റി സൈക്കാട്രിക് ക്ലിനിക്ക്, ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ചൈൽഡ് ഡെവലപ്മെന്റ് സെന്റർ എന്നിവയിലൂടെ 400 ലധികം പേർക്ക് ജ്യോതി തണലൊരുക്കുന്നതോടൊപ്പം സൗജന്യവും സൗജന്യ നിരക്കിലും ആംബുലൻസ് സേവനവും നൽകി വരുന്നു. ജ്യോതി അഡ്മിനിസ്ട്രേറ്റർ സി എച്ച് സുബൈർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിജിഡിഎ ഭാരവാഹികളായ ടി എച്ച് അയ്യൂതി, ജോബി കെ ജോസഫ്, ബിനോഷ് ബേബി, ശ്യാം വി എസ്, എ ആർ സത്യൻ, നൗഷാദ് കെ, വാർഡ് മെമ്പർ സി കെ നൂറുദ്ദീൻ, ജ്യോതി ഭാരവാഹികളായ ബിജി ബേബി, മൈക്കിൾ ഫ്രാൻസിസ്, കെ ഹൈദ്രൂ, അബ്ദുറഹ്മാൻ ടി കെ, സിസ്റ്റർ തെരേസ, പി കെ ആലിക്കുട്ടി ബാവ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റി, മേപ്പാടി