തിരുവനന്തപുരം : കേരളം ഭേദപ്പെട്ട സ്കോറിലേക്ക്_ സി കെ നായിഡു ട്രോഫിയിൽ ഒഡിഷയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 276 റൺസെന്ന നിലയിലാണ് കേരളം. ക്യാപ്റ്റൻ അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് കേരള ഇന്നിങ്സിന് കരുത്തായത്. അഭിഷേക് നായർ 62ഉം, വരുൺ നയനാർ 58ഉം ഷോൺ റോജർ 68ഉം റൺസെടുത്തു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് റിയാ ബഷീറും അഭിഷേക് നായരും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്കി. സ്കോർ 47ൽ നില്ക്കെ 20 റൺസെടുത്ത റിയാ ബഷീറാണ് ആദ്യം മടങ്ങിയത്. തുടർന്നെത്തിയ വരുൺ നായനാരും അഭിഷേകും ചേർന്ന് രണ്ടാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം വിക്കറ്റിൽ വരുൺ നയനാരും ഷോൺ റോജറും ചേർന്ന് കേരളത്തിൻ്റെ ഇന്നിങ്സ് മികച്ച രീതിയിൽ മുന്നോട്ട് നീക്കി. ഈ കൂട്ടുകെട്ടിൽ 92 റൺസ് പിറന്നു. എന്നാൽ പിന്നീട് 13 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ, തുടരെ നാല് വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. വരുൺ നായനർക്കും ഷോൺ റോജർക്കും പുറമെ ഒരു റൺസെടുത്ത അഹ്മദ് ഇമ്രാൻ, നാല് റൺസെടുത്ത ആസിഫ് എലി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കളി നിർത്തുമ്പോൾ 35 റൺസോടെ രോഹൻ നായരും റണ്ണൊന്നുമെടുക്കാതെ വിഷ്ണുവുമാണ് ക്രീസിൽ. ഒഡീഷയ്ക്ക് വേണ്ടി സംബിത് ബരൽ നാലും സായ്ദീപ് മൊഹാപത്ര മൂന്നും വിക്കറ്റുകൾ വീഴ്ത്തി.