ന്യൂഡൽഹി : രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കർ ദേശീയ അവാർഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്. മികവാർന്ന സേവനങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും ക്രിയാത്മക പൊതുപ്രവർത്തനവുമാണ് അവാർഡിന് അർഹമാക്കിയതെന്ന് അവാർഡ് ജൂറി വിശദീകരിച്ചു. ജനുവരി മാസമവസാനം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.ഡൽഹി സായി ഒയാസിസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് അവാർഡ് പ്രഖ്യാപിച്ചത്. തദ്ദേശ സംവിധാനത്തിലെ ഉത്തരവാദിത്തങ്ങൾക്കപ്പുറം സാമൂഹിക-സാംസ്കാരിക-വൈജ്ഞാനിക- ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നു എന്നതും അവർഡ് പരിഗണനക്ക് ജുനൈദിന് നേട്ടമായി. ജനപ്രതിനിധി എന്ന നിലയിൽ തദ്ദേശ സംവിധാനത്തെ കൂടുതൽ ജനകീയമാക്കുവാൻ ജുനൈദ് സ്വീകരിച്ച വേറിട്ട ശൈലിയും സമീപനവും ഇതിനകം പ്രശംസ പിടിച്ചുപറ്റിയതാണ്.അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് സാധാരണക്കാരുമായി ചേർന്ന് നിന്ന് പ്രവർത്തിച്ചതിനുള്ള അംഗീകാരമാണെന്നും ജുനൈദ് പറഞ്ഞു.വിവിധ വിഷയങ്ങൾ പ്രമേയമാക്കി ഇതിനകം ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ പഠനവും നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥം പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.കൊമേഴ്സിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയ ജുനൈദ് കൈപ്പാണി കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എഡ് പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.വിവിധ സർവ്വകലാശാലകളിൽ നിന്നുമായി കൗൺസിലിംഗിലും ലോക്കൽ ഗെവേണൻസിലും മറ്റുമായി ഡിപ്ലോമ കോഴ്സുകളും ചെയ്തിട്ടുണ്ട്.ഹൈസ്കൂൾ കാലഘട്ടം മുതൽ പൊതുപ്രവർത്തനത്തിൽ സജീവമായ ജുനൈദ് നിലവിൽ ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ്.കൂടാതെ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകൾ വഹിക്കുന്നുണ്ട്.