കല്‍പ്പറ്റ : എം.എല്‍.എ കെയറില്‍ നിന്നും പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തി വയനാട് ജില്ലയില്‍ പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവരുടെ സൗജന്യ ഉപരിപഠനത്തിന് ഇതുവരെ സ്‌പോട്ട് അഡ്മിഷന്‍ നേടിയത് 116 പേര്‍. ഇവര്‍ക്കുള്ള ക്ലാസുകള്‍ 23ന് ആരംഭിക്കും. ക്യാംപസുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി. സിദ്ദീഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനും എംഎല്‍എ കെയറും ചേര്‍ന്നാണ് സൗജന്യ വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിക്കുന്നത്.പി. എ അസീസ് എഞ്ചിനീയറിങ്ങ് ആന്‍ഡ് പോളിടെക്‌നിക് കോളജ് (തിരുവനന്തപുരം), യേനപോയ ഡീംഡ് യൂണിവേഴ്‌സിറ്റി (മാംഗ്‌ളൂര്‍) എന്നീ സ്ഥാപനങ്ങളുള്‍പ്പെടെ പദ്ധതിയുടെ ഭാഗമാണ്. പി. എ അസീസ് എഞ്ചിനീയറിങ്ങ് കോളജിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്നലെ (ഞായര്‍) രാവിലെ 10 മണി മുതല്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്നു. വയനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയൊരദ്ധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നതെന്നും ആയിരം കുട്ടികളിലേക്ക് പദ്ധതി എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍/ യൂണിവേഴ്‌സിറ്റി മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രൊഫഷനല്‍ കോളജുകളിലേക്കുള്ള പ്രവേശനം.