രക്ഷാപ്രവർത്തകർക്ക് വയനാടിന്റെ ആദരം നാളെ

രക്ഷാപ്രവർത്തകർക്ക് വയനാടിന്റെ ആദരം നാളെ

കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും മാധ്യമസ്ഥാപനങ്ങളെയും ഇന്ന് (സെപ്തംബര്‍ 9) വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിക്കും. ‘കരുതലായവര്‍ക്ക് സ്നേഹാദരം’ എന്ന പേരില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളിലാണ് ചടങ്ങ്. ചുണ്ടേല്‍ ടൗണില്‍ നിന്നും വാദ്യഘോഷങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ ആദരിക്കുന്നവരെ പാരിഷ് ഹാളിലേക്ക് വരവേല്‍ക്കും. തുടര്‍ന്ന് നടക്കുന്ന പരിപാടി ഭവന നിര്‍മാണ, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ അഡ്വ. ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ആര്‍. മേഘശ്രീ, സിനിമാ താരം അബുസലിം തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വിവിധ സ്ഥാപനങ്ങളുടെ പുനരധിവാസ പദ്ധതി പ്രഖ്യാപനങ്ങളും ചടങ്ങില്‍ നടക്കും.ഇന്ത്യന്‍ പട്ടാളത്തില്‍ നിന്നുള്‍പ്പെടെ സേനകളും സംഘടനകളുമായി നൂറിലധികം രജിസ്‌ട്രേഷനുകള്‍ ഇതിനികം പൂര്‍ത്തിയായിക്കഴിഞ്ഞു. ദുരന്തമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും വകുപ്പുകളും വഹിക്കുന്ന വിലമതിക്കാനാവാത്ത പങ്കാളിത്തങ്ങളെ ആദരിക്കുകയും ഉരുള്‍ ബാക്കിയാക്കിയ ദുരന്ത ഓര്‍മകളെ പിന്നിലാക്കി അതിജീവന പാതയിലേക്ക് വഴിയൊരുക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *