• admin

  • September 29 , 2020

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്ക്കാരത്തില്‍ രണ്ടാം സ്ഥാനം മൂന്നാര്‍ കരസ്ഥമാക്കി. ഇന്ത്യ ടുഡെ ടൂറിസം പുരസ്ക്കാരമാണ് ദേശ വ്യാപകമായി ഈ സര്‍വ്വേ നടത്തിയത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള ടൂറിസം ബ്രാന്‍ഡായ കേരള ടൂറിസം ഇതിനകം നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിര ടൂറിസം വികസനത്തിന്‍റെ മാതൃകയാണ് കേരളം മുന്നോട്ടു വയ്ക്കുന്നത്. പുരസ്ക്കാരം ലഭിച്ച മൂന്നാര്‍ ഇതിന്‍റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ടൂറിസത്തിന്‍റെ പ്രചാരണ പരിപാടിയായ 'ഹ്യൂമന്‍ ബൈ നേച്ചറി'ന് പ്രസിദ്ധമായ പാറ്റ ഗ്രാന്‍ഡ് പുരസ്ക്കാരം ലഭിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ബെയ്ജിംഗില്‍ വച്ച് നടന്ന ഓണ്‍ലൈന്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം. കൊവിഡ് 19 മഹാമാരിയ്ക്ക് ശേഷം ടൂറിസം-ട്രാവല്‍ വ്യവസായത്തിന്‍റെ തിരിച്ചു വരവിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന സമയത്ത് തന്നെ ഇന്ത്യാ ടുഡെ പുരസ്ക്കാരം ലഭിച്ചത് ഏറെ പ്രാധാന്യമുള്ളതാണെന്ന് ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം വ്യവസായത്തിന്‍റെ പങ്കാളികള്‍ക്കെല്ലാം ഇത് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കൊവിഡ് അനന്തര ടൂറിസം മേഖലയുടെ ഭാവിയെക്കുറിച്ചായിരുന്നു ഇക്കുറി ഇന്ത്യ ടുഡെ ടൂറിസം കോണ്‍ക്ലേവിലെ ചര്‍ച്ച. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് ദേശ വ്യാപകമായി സര്‍വേ നടത്തിയത്. കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. പക്ഷെ ഇതിനെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയ്ക്ക് 455 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മേഖലയിലെ സമസ്ത വിഭാഗങ്ങള്‍ക്കും ഈ സഹായം ഗുണം ചെയ്യും. മൂന്നാറിനെ മനോഹരമായി കാത്തു സൂക്ഷിക്കുന്നതില്‍ ടൂറിസം രംഗത്തെ പങ്കാളികള്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി നശിക്കാതിരിക്കാന്‍ പ്രദേശവാസികളും നന്നായി ശ്രദ്ധിക്കുന്നുണ്ട്. മലയോര പ്രദേശം, കായല്‍-കടല്‍ത്തീരം എന്നിവിടങ്ങളിലെല്ലാം ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.