• admin

  • February 17 , 2020

ആലപ്പുഴ : കുട്ടനാട്ടില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 350 പരാതികളില്‍ 320 പരാതികള്‍ തീര്‍പ്പാക്കി. 30 പരാതികള്‍ അപേക്ഷകര്‍ എത്താത്തതിനാല്‍ മാറ്റി വെച്ചു. കുട്ടനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന അദാലത്തില്‍ താലൂക്ക് പരിധിയില്‍ നിന്നുള്ള പരാതികളെല്ലാം പരിഗണിച്ചു. റവന്യൂ, തദേശ സ്വയംഭരണം, ലൈഫ് മിഷന്‍, കൃഷി വകുപ്പ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികളാണ് ലഭിച്ചത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ബാക്കിയുള്ള 30 പരാതികള്‍ സമയ പരിധി നിശ്ചയിച്ച് അതത് വകുപ്പുകള്‍ക്ക് കൈമാറി. ഇത് അതത് വകുപ്പുകള്‍ പരിഹരിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടനാട് മിനി സിവില്‍ സ്റ്റേഷനില്‍ എടിഎം കൗണ്ടര്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു. കുട്ടനാട്ടില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കുട്ടനാട് താലൂക്ക് നിവാസികളുടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ദിവസവും ആയിരത്തോളം ആളുകള്‍ എത്തുന്ന മിനി സിവില്‍ സ്റ്റേഷനില്‍ എടിഎം കൗണ്ടര്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശിച്ചത്. ലീഡ് ബാങ്കിനോടാണ് എടിഎം നിര്‍മിക്കാന്‍ നിര്‍ദ്ദേശിച്ചത്. എ.ഡി.എം. വി. ഹരികുമാര്‍, അര്‍.ഡി.ഒ. എസ്. സന്തോഷ് കുമാര്‍, കുട്ടനാട് തഹസില്‍ദാര്‍ ടി.ജെ വിജയസേനന്‍, ഭൂരേഖ തഹസില്‍ദാര്‍ രവീന്ദ്രനാഥ പണിക്കര്‍, വിവിധ വകുപ്പ് മേധാവികള്‍, താലൂക്ക് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു