കൽപ്പറ്റ : നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി അഡ്വ.ടി സിദ്ദിഖ് എംഎൽഎ യുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ സ്പാർക്കിൻ്റെ 2024-2025 വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വരുന്ന തിങ്കളാഴ്ച നടക്കും. മുണ്ടേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് അഡ്വ.വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു സംസാരിക്കും .കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്ന പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു.ഇത്തവണ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷയും കരിയർ കൗൺസലിംഗ് ക്ലാസുകളും മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലായി നടന്നു വരികയാണ്. ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലെ ഓരോ ക്ലാസുകളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്ത് മണ്ഡലം തലത്തിൽ കൊമേഴ്സ്, സയൻസ്, സോഷ്യൽ സയൻസ് മേഖലകളിൽ കൂടുതൽ കരിയർ സാധ്യകളെ കുറിച്ച് അറിവ് പകരുന്ന സ്പാർക്ക് കേഡറ്റ്സ് പ്രോഗ്രാം, മത്സര പരീക്ഷ പരിശീലന സെഷനുകൾ , സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ പ്രോഗ്രാം തുടങ്ങി അനവധി പരിപാടികൾ അടങ്ങിയതാണ് ഈ വർഷത്തെ പദ്ധതി. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥികളായ സോഷ്യൽ എഞ്ചിനീയർമാരുടെ കൂട്ടായ്മയായ വീക്യാൻ സോഷ്യൽ ഇന്നോവേറ്റെഴ്സാണ് പദ്ധതി രൂപകല്പന ചെയ്ത് നടപ്പിലാക്കാൻ സഹായിക്കുന്നത്.