ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി.സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു.പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും മന്ത്രി നിർദേശിച്ചു.അതേ സമയം,എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രശ്നപരിഹാരം ഇനിയും അകലെയാണ്.

ഹിജാബ് ഇല്ലാതെ വരാമെന്ന സമ്മതപത്രം നൽകിയാൽ കുട്ടിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലാണ് മാനേജ്മെന്‍റ്.എന്നാൽ സമ്മതപത്രം നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് അനസ് പറഞ്ഞു. നേരത്തെ നടന്ന സമവായ ചർച്ചയിൽ സ്കൂളിന്‍റെ നിബന്ധനകൾ അംഗീകരിക്കാമെന്ന് രക്ഷിതാവ് സമ്മതിച്ചിരുന്നു.എന്നാൽ ഇന്നലെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് നിലപാട് മാറ്റിയത്.പനിയെത്തുടർന്ന് കുട്ടി ഇന്നും സ്കൂളിലെത്തില്ലെന്ന് രക്ഷിതാവ് പറഞ്ഞു.ഹൈക്കോടതി നിർദേശ പ്രകാരം സ്കൂളിനേർപ്പെടുത്തിയ പൊലീസ് സംരക്ഷണം തുടരും.

Leave a Reply

Your email address will not be published. Required fields are marked *