ന്യൂഡൽഹി : രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി,വരും വർഷങ്ങളിൽ സ്കൂൾ സിലബസിൽ കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമഗ്രമായി ഉൾപ്പെടുത്തും. ഇതിനായി പ്ലസ് വൺ,പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠപുസ്തകങ്ങളും പഠനപദ്ധതിയും രൂപീകരിക്കാൻ എൻ.സി.ആർ.ടി (NCERT) വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി
2026-27 അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും മൂന്നാം ക്ലാസ് മുതൽ എഐ പഠനം ആരംഭിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.സിബിഎസ്ഇ (CBSE) ഇതിനോടകം തന്നെ 3 മുതൽ 12 വരെയുള്ള ക്ലാസുകൾക്കായി എഐ,കമ്പ്യൂട്ടേഷണൽ തിങ്കിങ് എന്നിവയിൽ അധിഷ്ഠിതമായ പാഠ്യപദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ഒമ്പത്,പത്ത് ക്ലാസുകളിൽ ഇത് നിർബന്ധിത വിഷയമായിരിക്കും.
ആറാം ക്ലാസ് മുതലുള്ള വൊക്കേഷണൽ പാഠ്യപദ്ധതിയിൽ ആനിമേഷൻ,ഗെയിമിങ് തുടങ്ങിയ മേഖലകളിലെ എഐ പ്രോജക്റ്റുകൾക്ക് പ്രാധാന്യം നൽകും.‘വികസിത് ഭാരത് 2047’ ലക്ഷ്യമിട്ട് വിദ്യാർത്ഥികളെ ഭാവി സാങ്കേതികവിദ്യയിൽ പ്രാപ്തരാക്കുന്നതിനായി ‘സ്കിൽ ഫോർ എഐ റെഡിനെസ്’ (SOAR) എന്ന ദേശീയ പ്രോഗ്രാമും സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്.
