സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു

സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു

മീനങ്ങാടി : മീനങ്ങാടി ഗ്രാമപഞ്ചായത്തും പുറക്കാടി ദേവസ്വവും, തണൽ, കിംസ് ഹെൽത്ത് സി.എസ്.ആർ,കൃഷിഭവൻ,എം എൻ ആർ ഇ ജി എ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന സുഗതകുമാരി “സ്മൃതിവനം” വൃക്ഷത്തൈ നടീൽ പദ്ധതി കവിയും സാഹിത്യ നിരൂപകനുമായ ശ്രീ കൽപ്പറ്റ നാരായണൻ ആദ്യവൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.സുഗതകുമാരി ടീച്ചറിനെ ഓർമ്മിക്കാനായി ഒരുക്കുന്ന സ്മൃതി വനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും ടീച്ചറുടെ ഓർമ്മ നിലനിർത്തുന്ന വലിയ മരങ്ങളായി ഇവ വളരട്ടെയെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. ഭൂമിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും ഏറ്റവും മികച്ച കൃതികളെഴുതിയ ടീച്ചറിനെ കുറിച്ചും അവർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും മാഷ് ഓർമ്മിപ്പിച്ചു.പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതു തിരിച്ചു പിടിക്കാനായി ഇതു പോലുള്ള പദ്ധതികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.പുറക്കാടി പൂമാല പരദേവതാ ക്ഷേത്രപരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ വിവിധ സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. തണൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.ജയകുമാർ യോഗത്തിന് സ്വാഗതം പറഞ്ഞു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പ്രകൃതിയെയും പരിസ്ഥിതി വിദ്യാഭ്യാസത്തെയും ജീവിതത്തോട് ചേർത്ത സുഗതകുമാരി ടീച്ചർക്കുള്ള ജീവനുള്ള സ്മാരകമാണ് ഈ പദ്ധതി.പുറക്കാടി ദേവസ്വം നൽകിയ 3 ഏക്കർ ഭൂമിയിലാണ് ഈ സുപ്രധാന പദ്ധതി നടപ്പാക്കുന്നത്.ക്ഷേത്രത്തിലേക്കുള്ള പൂജാ പുഷ്പങ്ങൾക്കായുള്ള കൃഷിയും പദ്ധതിയുടെ ഭാഗമായി ഇവിടെ ആരംഭിക്കും.കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാനുള്ള കാർബൺ ന്യൂട്രൽ മീനങ്ങാടി പദ്ധതിക്ക് മുതൽക്കൂട്ടായി മികച്ച ഒരു കാർബൺ സിങ്കായി സ്‌മൃതിവനം വളരും.ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന “സ്മൃതിപഥം” എന്ന പ്രത്യേക പരിപാടിയിൽ എം.ഗംഗാധരൻ,ജോയ് പാലക്കമൂല,സുമി മീനങ്ങാടി,രാജൻ കെ.ആചാരി എന്നിവർ പങ്കെടുക്കുകയും,സ്കൂൾ കുട്ടികൾ സുഗതകുമാരി ടീച്ചറുടെ കവിതകൾ ആലപിക്കുകയും ചെയ്തു.

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ ബേബി വർഗ്ഗീസ്,ഉഷ രാജേന്ദ്രൻ,പുറക്കാടി ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ,മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തയിൽ,പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നാരായണൻ നമ്പൂതിരി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ജ്യോതി സി.ജോർജ് യോഗത്തിൽ പങ്കെടുത്തു.മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വോളണ്ടിയർസും എൻ എ.യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി.ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് പരിപാടിക്ക് നന്ദിയർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *