സംസ്ഥാനത്ത് ഇറച്ചിക്കോഴിക്കും മുട്ടയ്ക്കും വില കുതിച്ചുയരുന്നു

തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചിക്കോഴി വിലയില്‍ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഒരു മാസത്തിനിടെ കിലോയ്ക്ക് 50 രൂപയോളമാണ് വർധിച്ചത്.ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില്‍ 180 രൂപ വരെയാണ് ഇന്നത്തെ വില.കോഴി ഇറച്ചി വില കിലോയ്ക്ക് 270 രൂപ വരെ എത്തിയിട്ടുണ്ട്.ഫാമുകളില്‍ നിന്ന് കർഷകർ വില്‍ക്കുന്ന മൊത്തവില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.തീറ്റസാധനങ്ങളുടെ വിലവർദ്ധനവും ഉല്‍പ്പാദനത്തിലെ കുറവുമാണ് ഈ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മണ്ഡലകാലമായതിനാല്‍ ഡിസംബറില്‍ ആവശ്യം കുറയുമെന്ന് കരുതി ചെറുകിട കർഷകർ ഉല്‍പ്പാദനം കുറച്ചിരുന്നു.എന്നാല്‍ പതിവിന് വിപരീതമായി ഇറച്ചിക്കോഴിക്ക് ഡിമാൻഡ് വർധിച്ചതാണ് വില ഉയരാൻ കാരണമായത്.സാധാരണ 3540 രൂപയായിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില 50 രൂപയ്ക്ക് മുകളില്‍ എത്തിയത് കർഷകർക്ക് വലിയ തിരിച്ചടിയായി.കോഴിത്തീറ്റയുടെ അമിതമായ വിലവർദ്ധനവും കുഞ്ഞുങ്ങള്‍ക്കുണ്ടായ രോഗബാധയും കാരണം പുതിയ ബാച്ചുകളെ വളർത്താൻ കർഷകർ മടിച്ചു നില്‍ക്കുകയാണ്. ഡിസംബർ ആദ്യം 120 രൂപയായിരുന്ന കോഴി വില ക്രിസ്മസ് കാലത്ത് 145 രൂപയായും ഇപ്പോള്‍ 180 രൂപയിലേക്കും ഉയർന്നു.വരും ദിവസങ്ങളിലും വിപണിയില്‍ വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

സംസ്ഥാനത്ത് മുട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്. കോഴിക്കും മുട്ടയ്ക്കും വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ഇറച്ചിക്കോഴി വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ വിഭവങ്ങളുടെ വിലയും വർദ്ധിച്ചു തുടങ്ങിയിരിക്കുകയാണ്.നവംബറില്‍ 6 രൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ ശരാശരി 8 രൂപയാണ് ചില്ലറ വില.ഉത്തരേന്ത്യയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഉണ്ടായ ഡിമാൻഡും വിദേശത്തേക്കുള്ള കയറ്റുമതി വർദ്ധിച്ചതും തിരിച്ചടിയായി.തമിഴ്നാട്ടിലെ നാമയ്ക്കലിലും മുട്ടവില വർദ്ധിച്ചിട്ടുണ്ട്.മലയാളി പ്രതിവർഷം ഉപയോഗിക്കുന്ന 560 കോടി മുട്ടയില്‍ 300 കോടിയും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *