വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കന്നിവോട്ടര്‍

വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കന്നിവോട്ടര്‍

കല്‍പ്പറ്റ : ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹല്‍വ ആവശ്യപ്പെട്ടു.ഇവിടെ ഹല്‍വ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.ഹല്‍വ കിട്ടാത്ത നിരാശയിലായ യുവാവ് വെബ്‌സൈറ്റില്‍ കയറി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസ് നമ്പരില്‍ വിളിച്ച് പരാതി പറയുകയായിരുന്നു. തെരഞ്ഞെടുത്ത ബൂത്തുകളില്‍ മാത്രമാണ് മധുരം നല്‍കുന്നതെന്ന് അധികൃതര്‍ മറുപടി നല്‍കി.
കളക്ടറുടെ പേജില്‍ ഹല്‍വ നല്‍കുന്ന റീല്‍സ് ഉള്ളതിനാല്‍ കളക്ടറേറ്റിലും വിളിച്ച് പരാതി അറിയിച്ചു.റിപ്പോര്‍ട്ട് ചെയ്യാം എന്ന മറുപടിയാണ് രണ്ടിടത്തു നിന്നും യുവാവിന് ലഭിച്ചത്.

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്ന കന്നി വോട്ടര്‍മാര്‍ക്ക് മധുരം പകരാനായി ഹല്‍വ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.ആകെ 715 ബൂത്തുള്ള വയനാട്ടില്‍ കന്നിവോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാന്‍ എത്തിയത് 200 കഷണം ഹല്‍വ മാത്രമാണ്.എല്ലാ കന്നിവോട്ടര്‍മാര്‍ക്കും നല്‍കാന്‍ ഇതു തികയില്ലെന്നതിനാല്‍ ഓരോ മണ്ഡലത്തിലും ഓരോ ബൂത്തില്‍ വീതം നല്‍കിയെന്നാണ് വിവരം.കല്‍പറ്റ, ബത്തേരി,മാനന്തവാടി എന്നിവിടങ്ങളില്‍ ഏറ്റവുമധികം കന്നിവോട്ടര്‍മാരുള്ള ബൂത്തുകള്‍ തെരഞ്ഞെടുത്താണു ഹല്‍വ കൊടുത്തത്. കണിയാമ്പറ്റ യുപിഎസ്,മീനങ്ങാടി കമ്യൂണിറ്റി ഹാള്‍, കുഞ്ഞോം ഗവ.എച്ച്എസ് എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഹല്‍വ വിതരണം.കണിയാമ്പറ്റയില്‍ 51,മീനങ്ങാടിയില്‍ 50,കുഞ്ഞോത്ത് 38 എന്നിങ്ങനെയാണു കന്നിവോട്ടര്‍മാര്‍ക്ക് ഹല്‍വ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *