“വൈബ് ഫോർ വെൽനസ്” – ഹെൽത്തി കേരള ആരോഗ്യം ആനന്ദം എന്ന പ്രമേയത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു

“വൈബ് ഫോർ വെൽനസ്” – ഹെൽത്തി കേരള ആരോഗ്യം ആനന്ദം എന്ന പ്രമേയത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു

കൽപ്പറ്റ : കേരള സർക്കാർ,ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ,ഹോമിയോപ്പതി വകുപ്പ്,നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ “ആയുഷ് എന്നാൽ ആരോഗ്യം” എന്ന പ്രമേയത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാതല പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു.എസ്.കെ.എം.ജെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മാസ് യോഗ പരിപാടി കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 110 ഓളം യോഗ ക്ലബ് അംഗങ്ങളും ആയുഷ് വകുപ്പിലെ 300 ലധികം ജീവനക്കാരും പങ്കെടുത്ത പരിപാടിക്ക് വിവിധ ഡിസ്പെൻസറികളിലെ യോഗ ഇൻസ്ട്രക്ടർമാർ നേതൃത്വം നൽകി.ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിന് മാസ് യോഗയിലൂടെ സാധിച്ചു.
തുടർന്ന് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ബഹു.വയനാട് സബ് കളക്ടർ ശ്രീ അതുൽ സാഗർ IAS ഫ്ലാഗ് ഓഫ് ചെയ്തു.ആക്ട് വെൽ- മതിയായ വ്യായാമം എന്ന സന്ദേശത്തെ ഉൾക്കൊണ്ടു കൊണ്ട് ആയുഷ് വകുപ്പുകളിലെ ജീവനക്കാർ ഹെൽത്തി കേരള ക്യാമ്പയിൻ സന്ദേശമുള്ള ടീഷർട്ടുകൾ ധരിച്ചും ആരോഗ്യ വണ്ടിയുടെ അകമ്പടിയോട് കൂടി നടന്ന വാക്കത്തോൺ പൊതുജനശ്രദ്ധ ആകർഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറുന്നതിനുള്ള പ്രചോദനമാകുകയും ചെയ്തു.

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ജില്ലാതല പരിപാടിയിൽ കല്പറ്റ നഗരസഭ കൗൺസിലർ ശ്രീ ഗിരീഷ് കൽപ്പറ്റ,അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീജ ഒ.കെ സ്വാഗതം ആശംസിച്ചു. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി ആയുഷ് വകുപ്പിൻ്റെ വ്യത്യസ്ത പദ്ധതികൾ പൊതുജന അവബോധത്തിനായി walking exibition നടത്തുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ടു.തുടർന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഹരിത ജയരാജ് ആയുഷ് ആരോഗ്യ മേഖലയിലെ നിരവധി ആരോഗ്യ പരിഷ്കാര പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. നോഡൽ ഓഫീസർമാരായ ഡോ.രേഖ സി.എൻ (ISM ), ഡോ ബേബി സിനി എം (Homeo)എന്നിവർ ആശംസകൾ അർപ്പിച്ചു ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അച്ചാമ്മ ലെനു തോമസ് നന്ദി രേഖപ്പെടുത്തി.പരിപാടിയുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ ഫ്ലാഷ് മോബും ഭാരതീയ ചികിത്സ വകുപ്പിന്റെ സ്കിറ്റും അവതരിപ്പിച്ചു.“ആരോഗ്യം ആനന്ദം ആയുഷിലൂടെ” എന്ന ആശയത്തെ ആസ്പദമാക്കി ആരോഗ്യകരമായ ഭക്ഷണശീലം,മതിയായ വ്യായാമം,കൃത്യമായ ഉറക്കം എന്നിവയെക്കുറിച്ചുള്ള പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *