കൽപ്പറ്റ : വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിലനിന്നിരുന്ന രൂക്ഷമായ തർക്കങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സ്ഥാനമൊഴിഞ്ഞു. രാജി കെ.പി.സി.സി നേതൃത്വം ചോദിച്ചുവാങ്ങിയതാണെന്നാണ് സൂചന.കോൺഗ്രസ് നേതാവ് എൻ.എം വിജയന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളും ജില്ലയിലെ കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.വിജയന്റെ കുടുംബം അപ്പച്ചനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപുറമെ,പ്രിയങ്കാ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് അപ്പച്ചൻ നടത്തിയ ചില പരാമർശങ്ങളും നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി.പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലത്തിൽ പാർട്ടിക്കുള്ളിലെ തമ്മിലടി വലിയ വാർത്തയായതോടെയാണ് സംസ്ഥാന നേതൃത്വം കർശന നടപടിയിലേക്ക് നീങ്ങിയത്.തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ.പി.സി.സി യോഗത്തിൽ താൻ തന്നെയാണ് ആവശ്യപ്പെട്ടതെന്ന് അപ്പച്ചൻ നേരത്തെ പ്രതികരിച്ചിരുന്നു.തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അവസാന ശ്വാസം വരെ പാർട്ടിക്ക് വേണ്ടി സാധാരണ പ്രവർത്തകനായി തുടരുമെന്നും എൻ.ഡി. അപ്പച്ചൻ കൂട്ടിച്ചേർത്തു.
