പടിഞ്ഞാറത്തറ : വിഭാഗീയ ചിന്തകളും പ്രസ്താവനകളുമിറക്കി തെരഞ്ഞെടുപ്പുകളില്‍ ജയിക്കമെന്നത് സി പി എമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് അഖിലേന്ത്യ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പടിഞ്ഞാറത്തറ ടൗണില്‍ നടന്ന യു ഡി എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം കാഫിര്‍ പ്രയോഗമുണ്ടാക്കി പരാജയപ്പെട്ടപ്പോള്‍, ഇപ്പോള്‍ നീലപെട്ടിയുടെ പേരിലാണ് വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. വ്യാജനിറക്കി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പെട്ടിയുംതൂക്കി പുറത്തുപോകേണ്ട സ്ഥിതിയാണ് ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. മോദിസര്‍ക്കാരില്‍ നിന്നും മോചനം ലഭിക്കുന്നതിനുള്ള തുടക്കമായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശക്തിയുമായിട്ടായിരിക്കും കോണ്‍ഗ്രസും സഖ്യകക്ഷികളും വരുന്ന തെരഞ്ഞെടുപ്പ് ഫലത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ നടുക്കിയ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഇത് പരിതാപകരമായ അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും അതിന്റെ മറ്റൊരു പതിപ്പായാണ് പിണറായി വിജയനും ഭരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജോണി നന്നാട്ട് അധ്യക്ഷനായിരുന്നു.