കൽപ്പറ്റ : മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ യുക്തിപൂർവ്വവും സമയബദ്ധിതവുമായ പരിഹാരം.മെഡിക്കൽ കോളേജ് നിർമ്മാണം,ചുരം റോഡുകളിലെ ഗതഗതക്കുരുക്ക്,കാർഷിക മേഖലയുടെ പുനരുജ്ജീവനം,ആദിവാസികളുടെയും തോട്ടം തൊഴിലാളികയുടെയും ഭൂ പ്രശ്നം തുടങ്ങിയ വയനാടിൻ്റെ ജീവൽ പ്രശ്നങ്ങളുടെ പരിഹാരത്തിന്ന് മതിയായ ഉറപ്പ് രാഷ്ട്രീയ മുന്നണികളിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നും വാങ്ങിയ ശേഷമെ വോട്ടു ചെയ്യു എന്ന് വയനാടൻ ജനത പ്രഖ്യാപിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ജനങ്ങളോട് അഭ്യർത്ഥിച്ചു.ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും മാഫിയകളുടെ പ്രേരണക്ക് വഴങ്ങി അപ്രായോഗികവും ഒരിക്കലും നിറവേറ്റാൻ സാധിക്കാത്തതുമായ വികസന വാഗ്ദാനങ്ങൾ നൽകി ജനക്കൂട്ടത്തെ അഭിരമിപ്പിക്കുന്ന പതിവു പാർട്ടികളും സ്ഥാനാത്ഥികളും അവസാനിപ്പിക്കണം.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാദാനപ്പെരുമഴയല്ല,വയനാടിൻ്റെ ജീവൻ മരണ പ്രശ്നങ്ങൾക്ക് വ്യക്തമായ പരിഹാരമാണ് ഉണ്ടാവേണ്ടത്.തെരഞ്ഞെടുപ്പ് അജണ്ട മാഫിയ – ഗൂഢ സംഘങ്ങൾ ഹൈജാക്ക് ചെയ്യുന്ന പതിവ് വയനാട്ടിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്നുണ്ട്.അതിത്തവണ ജനങ്ങൾ മാറ്റണം.
വന്യമൃഗ സംഘർഷങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് 4 ലക്ഷത്തിൻ്റെ വർദ്ധനവ് ഈയിടെ സർക്കാർ പ്രഖ്യാപിച്ചത് മിതമായ ഭാഷയിൽ പറഞ്ഞാൽ കർഷകരെ കൊഞ്ഞനം കുത്തലാണ്. ഇതിനെക്കുറിച്ച് ഒരു പാർട്ടിയും പ്രതികരിച്ചിട്ടില്ല. ചുരുങ്ങിയത് മുപ്പത് ലക്ഷം രൂപയും പങ്കാളികൾക്ക് ആജീവനാന്ത പെൻഷനും മക്കളുടെ വിദ്യാഭ്യാസവും സ്റ്റേറ്റ് ഏറ്റെടുക്കണം.കൊല്ലപ്പെടുന്ന ആദിമനിവാസികളുടെ ആശ്രിതർക്ക് സർക്കാർ സ്ഥിരം ജോലി നൽകണം.കാർഷകർക്കു നൽകി വരുന്ന വിളനഷ്ടങ്ങൾക്ക് ഇപ്പോൾ നൽകുന്നതിൻ്റെ നാല് ഇരട്ടി നഷ്ടപരിഹാരം നൽകണം.കൃഷിഭൂമി സ്വയം സംരക്ഷിക്കുന്നവർക്ക് സബ്സിഡി നൽകണം. ഇതിന്നുള്ള ഫണ്ട് ബജറ്റിൽ വകയിരുത്തണം.
മെഡിക്കൽ കോളേജിൻ്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു പതിറ്റാണ്ട് ആയിട്ടും മടക്കിമലയിൽ സൌജന്യമായി ലഭിച്ച ഭൂമി ഉപേക്ഷിച്ച് വനഭൂമിക്കം സ്വകാര്യഭൂമിക്കും വേണ്ടി നെട്ടോട്ടം ഓടി ജനത്തെ കമ്പളിപ്പിക്കുന്ന കാപട്യത്തെ വയനാട്ടുകാർ ഈ തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യണം. വയനാട്ടിൽ കൽപ്പറ്റയിലും ബത്തെരിയിലും സൂപ്പർ സ്പെഷ്യാലിറ്റ് ഹോസ്പിറ്റൽ തുടങ്ങുന്നതിനെക്കുറിച്ച് നേതിക്കളോട് ചോദിക്കണം.കള്ളാടി – ആനക്കാംപൊയിൽ തുരങ്കമുണ്ടാക്കാനുള്ള ജനവികാരം ഉണർത്താനായി ചുരം റോഡുകളിലെ ഗതാഗതക്കുരുക്ക് പരമാവധി വർദ്ധിപ്പിക്കാനാണ് സർക്കാറും ഗൂഢസംഘങ്ങളും ശ്രമിക്കുന്നത്.വയനാടിൻ്റെ ഗതാഗത പ്രശ്നം പത്തോ ഇതപതോ വർഷം കഴിഞ്ഞാൽ പരിഹാരമായാൽ മതിയോ,അതല്ല പെട്ടെന്ന് പരിഹരിക്കണോ എന്ന് രാഷ്ട്രീയ മുന്നണികൾ വ്യക്തമാക്കണം.
വയനാടിൻ്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ, തൊണ്ണുറുശതമാനത്തിൻ്റെ ഉപജീവന മാർഗ്ഗമായ കൃഷിയെ നിലനിർത്താനുള്ള സമഗ്ര പദ്ധതി ഒരു മുന്നണിയും ജനങ്ങൾക്ക് മുൻപിൽ വച്ചിട്ടില്ല. മണ്ണിൻ്റെ മക്കളായ ആദിമ ജനത സ്വന്തം ജന്മഭൂമിയിൽ അഭയാർഥികളാണിന്ന്.തോട്ടങ്ങളിൽ അടിമ ജീവിതം നയിക്കുന്ന തൊഴിലാളികളുടെ പ്രശ്നപരിഹാരത്തെക്കുറിച്ച് യൂനിയൻ നേതാക്കളായ രാഷ്ടീയക്കാർക്ക് പോലും വേവലാതിയില്ല. സർക്കാറിന് ഉടമസ്ഥതയും അവകാശവും ഉണ്ടെന്ന് കോടതികൾ വിധിനൽകിയ ഒന്നരലക്ഷം ഏക്കർ ഭൂമി സ്വകാര്യതോട്ടമുടമകൾ ഇപ്പോഴും കൈവശം വയ്കുന്നു.ലക്കു കെട്ട ടൂറിസം വയനാടിൻ്റെ കാലാവസ്ഥയെയും കൃഷിയെയും ആവാസവ്യവസ്ഥകളെയും തകർത്തുകൊണ്ട് മുന്നേറുകയും ഗുണ്ടകൾ പിടിമുറുക്കുകയു ചെയ്യുന്നു. വയനാടിൻ്റെ പരിസ്ഥിതിയെയും സാമൂഹ്യ ജീവിതത്തെയും നശിപ്പിക്കുന്ന മെഗാ വികസന പദ്ധതികളല്ല ജീവൽപ്രശ്നങ്ങളുടെ പരിഹാരമാണ് വേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സാധാരണക്കാരായ പൗരന്മാരുടെ ശക്തമായ ആയുധമായ വോട്ടവകാശം ഉപയോഗിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ജനങ്ങളോട് അപേക്ഷിക്കുന്നു.സമിതി യോഗത്തിൽ തോമസ്സ് അമ്പലവയൽഅദ്ധ്യക്ഷം വഹിച്ചു.പി.എം സുരേഷ്, സി.എ.ഗോപാലകൃഷ്ണൻ,എൻ.ബാദുഷ,ബഷീർ ആനദ് ജോൺ,തച്ചമ്പത്ത് രാമകൃഷ്ണൻ,എ.വി. മനോജ് പ്രസംഗിച്ചു.എൻ.ബാദുഷ ( WPS S )
കൽപ്പറ്റ / 18-03-2026
