തലപ്പുഴ : വയനാടിന്റെ വാഗമൺ എന്നറിയപ്പെടുന്ന മുനീശ്വരൻ കുന്ന് ഇനി ഹരിത ടൂറിസം കേന്ദ്രം. സഞ്ചാരികളുടെ മനം കവർന്ന്
മഞ്ഞില്‍ പൊതിഞ്ഞ് സമുദ്ര നിരപ്പില്‍ നിന്ന് 3355 അടി മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പ്രിയങ്കരമായ ഇടമാണ്.തിരക്കേറിയ ജീവിതത്തില്‍ നിന്നൊഴിഞ്ഞുമാറി ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനിയോജ്യമാണ് ഇവിടം.മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും മനോഹരമായ കാഴ്ച ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു.
വൈവിധ്യമാര്‍ന്ന ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെ നിറഞ്ഞുനില്ക്കുന്ന മനോഹരമായ പുല്‍മേടിലൂടെയാണ് മുനീശ്വരന്‍ കുന്നിലേക്കുള്ള ഹൈക്കിങ് പാത കടന്നുപോകുന്നത്.ജൈവവൈവിധ്യം നിറഞ്ഞ ഇവിടം ഏഷ്യന്‍ ആന, കടുവ,പുള്ളിപ്പുലി,കാട്ടുനായ,വിവിധ മാന്‍ ഇനങ്ങള്‍ തുടങ്ങി നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്.മുനീശ്വരന്‍കുന്നില്‍ സ്ഥിതി ചെയ്യുന്ന മുനീശ്വരന്‍ കോവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.കോടമഞ്ഞ് പുതച്ച പ്രഭാതങ്ങള്‍, തെളിമയുള്ള നീലാകാശവും തണുത്തകാറ്റുമുള്ള പകലും അസ്തമയ കാഴ്ചകളും ഏറെ മനോഹരമാണിവിടെ.ഓരോ സമയത്തും വ്യത്യസ്തമായ കാഴ്ചകളാണ് മുനീശ്വരന്‍കുന്നില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് മാനന്തവാടിയില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലാണ് മുനീശ്വരന്‍ മലയും കോവിലും സ്ഥിതി ചെയ്യുന്നത്.ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചിനു കീഴിലാണ് ഈ പ്രദേശം.മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്കും 30 രൂപയുമാണ് പ്രവേശന ഫീസ്.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവേശന സമയം.ഒരു ദിവസം 250 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.നോര്‍ത്ത് വയനാട് ഡിവിഷനിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി മുനീശ്വരംകുന്ന് ഇക്കോ ടൂറിസം കേന്ദ്ര പ്രഖ്യാപനവും സാനിറ്ററി നാപ്കിന് ഇന്‍സിനറേറ്റര്‍ ഉദ്ഘാടനവും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വഹിച്ചു.നോര്‍ത്ത് വയനാട് ഡിഎഫ്ഒ സന്തോഷ് കുമാര്‍,ഹരിത കേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു,ഹരിത കേരളം മിഷന് അംഗങ്ങള്‍,ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പഞ്ചായത്ത് ജീവനക്കാര്‍,തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് ജീവനക്കാര്‍,മക്കിമല എ.വി.എസ്.എസ് അംഗങ്ങള്‍,പരിസരവാസികള്‍,വിനോദസഞ്ചാരികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.