കൊച്ചി : യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി.ഫെഫ്‌ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നുമാണ് പുറത്താക്കിയത്.കഴിഞ്ഞ ജനുവരിയിൽ ഫോർട്ട്കൊച്ചിയിൽ സിനിമ സെറ്റിൽ വച്ചാണ് പരാതിക്ക് ആസ്‌പദമായ സംഭവം ഉണ്ടാകുന്നത്.രഞ്ജിത്ത് ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന യുവ നടിയെ തൻ്റെ ക്യാരവനിലേക്ക് വിളിച്ചുവരുത്തി.ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. പരിഭ്രമിച്ചു പോയ യുവതി കരഞ്ഞുകൊണ്ട് പുറത്തേക്കോടി.പിന്നീട് അവർ കടന്നുപോയത് കടുത്ത മാനസിക സംഘർഷത്തിന്റെ ദിവസങ്ങളിലൂടെയാണ്.ഇതിനിടയിൽ പ്രശ്നം ഒതുക്കി തീർക്കാൻ രഞ്ജിത്ത് ശ്രമിച്ചു.നടി വഴങ്ങിയില്ല.
ഒടുവിൽ മാർച്ച് 28ന് ഡിജിപി ക്ക് മുൻപാകെ രേഖാമൂലം പരാതി നൽകി.കടുത്ത രഹസ്യ സ്വഭാവത്തിലാണ് പിന്നീട് പൊലീസ് കരുക്കൾ നീക്കിയത്.ഡിജിപി എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയ പരാതിയിൽ മേലുള്ള അന്വേഷണ ചുമതല ഡിസിപി അശ്വതി ജിജിക്ക് ഏറ്റെടുത്തു.അന്വേഷണസംഘം നടിയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തി.പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ രഞ്ജിത്തിനെ പൂട്ടാനുള്ള ആസൂത്രിത നീക്കം.സംവിധായകന്റെ ഓരോ നീക്കങ്ങളും പൊലീസ് നിരീക്ഷണത്തിൽ ആയിരുന്ന മണിക്കൂറുകൾ.ഒടുവിൽ കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്കുള്ള യാത്രാമധ്യേ വഴിയിൽവെച്ച് വാഹനം തടഞ്ഞുനിർത്തി പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു.അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ രഞ്ജിത്ത് ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതിന് കൂട്ടുനിന്നവരും കേസിൽ പ്രതി ചേർക്കപ്പെടും.
