• Anjana P

  • September 1 , 2022

കൽപ്പറ്റ :

വയനാട് ലഹരി കടത്ത് പരിശോധന കർശനമാക്കുമെന്ന് എക്സൈസ് ജോയിൻ്റ് കമ്മീഷണർ അറിയിച്ചു. മാനന്തവാടിയിൽ ഒരേ ദിവസം രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്ത സംഭവം എക്സൈസ് പ്രത്യേകം അന്വേഷിക്കും. കോഴിക്കോട് മേഖലാ എക്സൈസ് ജോയിൻ്റ്   കമ്മീഷണർ ബി. പ്രദീപിൻ്റെ നേതൃത്തിൽ കൽപ്പറ്റയിൽ പ്രത്യേകമായി ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം  വിഷയം ചർച്ച ചെയ്തു. വയനാട് ലഹരിയുടെ ഹബ്ബാകാതിരിക്കാൻ പരിശോധന ഊർജിതമാക്കാനും നടപടികൾ കർശനമാക്കാനും യോഗത്തിൽ തീരുമാനമായതായി ജോയിൻ്റ് കമ്മീഷണർ ബി.പ്രദീപ് അറിയിച്ചു. കഴിഞ്ഞ മാസം മാത്രം വയനാട്ടിൽ 646 കോട്പ കേസുകളും 37 എൻ.ഡി.പി. എസ്. കേസുകളും 82 അബ്കാരി കേസുകളുമാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്.കൂടാതെ എക്സൈസിൻ്റെ പരിശോധനക്കിടെ 1129200  രൂപയുടെ കുഴൽപ്പണവും പിടികൂടിയിരുന്നു. മാരക ലഹരി മരുന്നായ  എം ഡി.എം. മാത്രം 116 ഗ്രാം പിടികൂടി. വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണിത്. അടുത്ത ദിവസങ്ങളിൽ പരിശോധന കർശനമാക്കും. ഡെപ്യൂട്ടി കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.