രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കുംനാമനിർദേശ പത്രിക തയ്യാറാക്കുന്നത് അഡ്വ. എം. ഷഹീർ സിങ്ങ്

രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കുംനാമനിർദേശ പത്രിക തയ്യാറാക്കുന്നത് അഡ്വ. എം. ഷഹീർ സിങ്ങ്

കല്പറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി നാമനിർദേശപത്രിക തയ്യാറാക്കുന്നത് പ്രമുഖ അഭിഭാഷകനായ അഡ്വ. എം. ഷഹീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രാഹുൽഗാന്ധിക്ക് വേണ്ടി നാമനിർദേശ പത്രിക തയ്യാറാക്കിയതും അഡ്വ.എം. ഷഹീർ സിങ്ങ് തന്നെയായിരുന്നു.
പ്രിയങ്കാ ഗാന്ധിയുടെയും ഭർത്താവ് റോബർട്ട് വദ്രയുടെയും ആസ്തികളുടെയും ബാധ്യതകളും അടങ്ങുന്ന സ്വത്തുവിവരങ്ങളും പ്രിയങ്കാഗാന്ധിയുടെ വ്യക്തിവിവരങ്ങളുമാണ് പത്രികയ്ക്കൊപ്പം സമർപ്പിക്കേണ്ടത്. പ്രിയങ്കാ ഗാന്ധിയുടെ ആദ്യതിരഞ്ഞെടുപ്പായതിനാൽ തന്നെ സൂക്ഷ്മതയോടെയാണ് പത്രിക തയ്യാറാക്കുന്നതെന്ന് അഡ്വ. എം. ഷഹീർ സിങ്ങ് പറഞ്ഞു. നെഹ്റു കുടുംബത്തിൽ നിന്നുള്ള രണ്ടു യുവനേതാക്കൾക്കും നാമനിർദേശപത്രിക തയ്യാറാക്കുന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി അഡ്വ. പി. രാജേഷ് കുമാർ അടക്കമുള്ള സഹപ്രവർത്തകർക്കൊപ്പം പ്രിയങ്കാഗാന്ധിയുടെ ഡൽഹിയിലെ ഓഫീസിലെ ജീവനക്കാരും സഹകരിച്ചാണ് പത്രിക തയ്യാറാക്കുന്നത്.
കഴിഞ്ഞ തവണ രാഹുൽഗാന്ധിയ്ക്കായി പത്രിക തയ്യാറാക്കിയതും ഏറെ സൂക്ഷ്മതയോടെയാണ്. പാർലമെന്റിൽ അയോഗ്യത നേരിട്ട് വലിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് രാഹുൽ മത്സരിക്കാനെത്തിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകളുമുണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങളെല്ലാം ചേർത്താണ് പത്രികയൊരുക്കിയത്.
ദേശീയശ്രദ്ധയുള്ള തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി അവരുടെ ആദ്യമത്സരത്തിൽ നാമനിർനിർദേശപത്രികയൊരുക്കാനായത് അംഗീകാരമായാണ് കാണുന്നതെന്നും അഡ്വ.എം. ഷഹീർ സിങ്ങ് പറഞ്ഞു. നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കും അദ്ദേഹം തന്നെയെത്തും.

Leave a Reply

Your email address will not be published. Required fields are marked *