പടിഞ്ഞാറത്തറ : രാത്രികാല യാത്രാ നിരോധനത്തിന് പരിഹാരം കാണാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. പടിഞ്ഞാറത്തറ ടൗണില്‍ നടന്ന യു ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുമ്പ് പ്രിയങ്കാഗാന്ധി ഫോണില്‍ വിളിച്ചിരുന്നുവെന്നും, രാത്രികാല യാത്രാനിരോധനത്തെ സംബന്ധിച്ച് സംസാരിക്കാന്‍ കര്‍ണാടകയില്‍ വരുമെന്ന് പറഞ്ഞിരുന്നതായും ശിവകുമാര്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന് രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ വന്ന് നേരില്‍ കണ്ട് സംസാരിക്കുന്നതിന് പ്രിയങ്കാഗാന്ധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. രാത്രിയാത്രാ നിരോധനം മൂലം യാത്രക്കാരും, കര്‍ണാടകയില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളും ദുരിതം അനുഭവിക്കുന്നുണ്ടെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് പ്രിയങ്ക ആവശ്യപ്പെട്ടതെന്നുംഅദ്ദേഹം പറഞ്ഞു. പ്രിയങ്കയുടെ വിജയം വയനാടിന്റെ മാത്രമല്ല, രാജ്യത്തിന്റെത് കൂടിയാണ്. ആ വിജയം നല്‍കുന്ന വയനാട്ടുകാര്‍ ഏറെ ഭാഗ്യം ചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും ഒപ്പം നിന്ന വയനാട്ടുകാരെ മറക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറായിരുന്നില്ല. അതിനാലാണ് വയനാട്ടുകാര്‍ക്ക് രണ്ട് എം പിമാരുണ്ടെന്ന് രാഹുല്‍ തന്നെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും രാഹുല്‍ഗാന്ധിയെ പുറത്താക്കുന്നതിന് വേണ്ടി ഏറെ ശ്രമങ്ങള്‍ നടത്തിയപ്പോഴും രാഷ്ട്രീയത്തിനധീതമായി കേരളത്തിലെ മുഴുവന്‍ ജനങ്ങളും രാഹുലിനൊപ്പം നിന്നത് ഏറെ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന മോദി സര്‍ക്കാരിനോട് ജനങ്ങള്‍ വിയോജിക്കുമ്പോള്‍ സമാനരീതിയിലുള്ള ഭരണമാണ് കേരളത്തില്‍ എല്‍ ഡി എഫും സി പി എമ്മും നടത്തുന്നതെന്നും ഇതിനുള്ള മറുപടിയായിരിക്കും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കശ്മീരിനെ വിഭജിക്കാനുള്ള ശ്രമവും നടന്നതിന്റെ ഫലമാണ് അവിടുത്തെ ഇന്ത്യാ മുന്നണിയുടെ വിജയം. വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ജനങ്ങളെ വഞ്ചിക്കുന്നവരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായതിന് ശേഷം കഷ്ടപ്പെടുന്നവരെ സഹായിക്കാനായി കേന്ദ്രവും കേരളവും പല പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഒന്നും തന്നെ നടപ്പിലാക്കിയില്ല. കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറ് വീടിന്റെയും, മുസ്ലീംലീഗ് പ്രഖ്യാപിച്ച നൂറ് വീടിന്റെയും കര്‍ണാടക പ്രഖ്യാപിച്ച നൂറ് വീടിന്റെയും നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചപ്പോഴും കേരളം നല്‍കാമെന്ന് പറഞ്ഞ വീടിനുള്ള സ്ഥലം കണ്ടെത്താന്‍ പോലും കഴിയാത്തത് ഭരണത്തിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു. ജോണി നന്നാട്ട് അധ്യക്ഷനായിരുന്നു. എം മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു. എ ഐ സി സി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്, യൂത്ത്‌കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഉദയ്ഭാനു ചിബ്ബ്, ഒളിമ്പ്യനും ഹരിയാന എം എല്‍ എയുമായ വിനേഷ് ഫോഗട്ട്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, യു ഡി എഫ് ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, മുസ്‌ലിംലീഗ് അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ഷിബു മീരാന്‍, കര്‍ണാടക എം എല്‍ എ എന്‍ എ ഹാരിസ്, ജോസഫ് വാഴക്കന്‍, എന്‍ ഡി അപ്പച്ചന്‍, സി മമ്മൂട്ടി, റസാക്ക് കല്‍പ്പറ്റ, ഷമീം പാറക്കണ്ടി, സി എച്ച് ഫസല്‍, പി കെ അബ്ദുറഹ്‌മാന്‍, എം പി ഷംസുദ്ദീന്‍, പി കെ വര്‍ഗീസ്, ഉസ്മാന്‍ കാഞ്ഞായി, ഗോപി അമയമംഗലം, സി ഇ ഹാരിസ്, കളത്തില്‍ മമ്മൂട്ടി, എം പി ജോണ്‍, ഇ ഖാലിദ്, ഷെമീര്‍ കാഞ്ഞായി, എ ജാഫര്‍, സി ആലി, കെ പി കുഞ്ഞബ്ദുള്ള, കെ മൊയ്തു, കെ ബി നസീമ, പി ബാലന്‍, കെ കെ അസ്മു, എം പുഷ്പ, റെഹ്‌മത്തുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.