മാനന്തവാടി താലൂക്ക് വ്യവസായ കേന്ദ്രം ബാങ്കേഴ്‌സ് മീറ്റ് നടത്തി

മാനന്തവാടി : സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സംരംഭകര്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും ലക്ഷ്യമിട്ട് മാനന്തവാടി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.മാനന്തവാടി ഗ്രീൻസ് റസിഡൻസിയിൽ നടന്ന താലൂക്ക്‌തല ബാങ്കേഴ്‌സ്‌ മീറ്റ് നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്‌സലേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ് (റാമ്പ്) പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്‌സ് മീറ്റ് നടത്തിയത്.സൂക്ഷ്‌മ- ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക,വായ്‌പ ലഭ്യത വർദ്ധിപ്പിക്കുക, ബാങ്കിങ്ങിൽ എംഎസ്എംഇകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.നിലവിൽ ഉദ്യം രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങളും പുതിയ സംരംഭങ്ങൾക്കുള്ള ഉദ്യം,കെ-സ്വിഫ്റ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

മാനന്തവാടി നഗരസഭ കൗൺസിലർ പി വി ജോർജ് അധ്യക്ഷനായി.ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എ ജിഷ,മാനന്തവാടി ഉപജില്ലാ വ്യവസായ ഓഫീസർ ടി കെ റഹീമുദ്ധീൻ,ലീഡ് ബാങ്ക് മാനേജർ ടി എം മുരളീധരൻ,പനമരം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി നൗഷാദ്,വിവിധ ബാങ്ക് മാനേജർമാർ,ജീവനക്കാർ,സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *