• Anjana P

  • September 6 , 2022

കൽപ്പറ്റ : ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മലയോര മേഖലകളിലും പുഴയുടെ ഓരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരുങ്ങിയ സമയത്തിനുളളില്‍ അതിശക്തമായ മഴ പെയ്യുന്നത് മിന്നല്‍ പ്രളയത്തിനും മലവെളളപ്പാച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യത ഉളവാക്കും. അതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സെപ്തംബര്‍ 7 മുതല്‍ 11 വരെയുള്ള ഓണാവധി ദിവസങ്ങളില്‍ വില്ലേജ് ഓഫീസുകളിലും ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി സ്ഥാപനങ്ങളിലും ഉത്തരവാദിത്വപ്പെട്ടവരുടെ സാന്നിദ്ധ്യം സ്റ്റേഷന്‍ പരിധിയില്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വില്ലേജ് ഓഫീസ് പരിധിയിലെ ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ താലൂക്ക് കണ്‍ട്രോള്‍ റൂമിലും, ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകേണ്ട ഉദ്യോഗസ്ഥ്‌ന്റെ വിവരങ്ങള്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലും സൂക്ഷിക്കണം. ആവശ്യപ്പെടുന്ന മുറക്ക് വിവരങ്ങള്‍ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിലേക്ക് നല്‍കണം. തഹസില്‍ദാര്‍മാര്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ഓണം അവധി ദിവസങ്ങളില്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.