പുൽപ്പള്ളി : തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന്റെ പേരിൽ പിതാവിന് ഐഎൻടിയുസി തൊഴിൽ നിഷേധിച്ചതായി പരാതി.ഇതിൽ പ്രതിഷേധിച്ച് മരം കയറ്റിറക്ക് തൊഴിലാളിയായ രാജനും എട്ട് സഹപ്രവർത്തകരും ഐഎൻടിയുസിയിൽ നിന്ന് രാജിവെച്ച് സിഐടിയുവിൽ ചേർന്നു.
മുള്ളൻകൊല്ലി പഞ്ചായത്ത് 18-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമായ യുവാവിന്റെ പിതാവാണ് രാജൻ. 20 വർഷമായി ഐഎൻടിയുസി അംഗമായ തനിക്ക് യൂണിയൻ തൊഴിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് രാജന്റെ ആരോപണം. തുടർന്ന് രാജനും സഹപ്രവർത്തകരും സിഐടിയുവിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. സിപിഐഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ,ജില്ലാ സെക്രട്ടറി കെ.റഫീഖ് പുതിയ അംഗങ്ങളെ സ്വീകരിച്ചു.
രാജനോടൊപ്പം ഷാജി,ബാബു,ജെയിംസ്, കാദർ, ജോസൂട്ടി,മനോജ്,ഇബ്രായി,ഷാജി പി.സി. എന്നിവരാണ് സിഐടിയുവിൽ ചേർന്നത്. കോൺഗ്രസിന്റെ രാഷ്ട്രീയ പകപോക്കലാണ് തൊഴിൽ നിഷേധത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. പാർട്ടിയിലെത്തിയ തൊഴിലാളികൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു.
