വൈത്തിരി : ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, വെറ്ററിനറി കോളേജ് പൂക്കോടിന്റെ ആഭിമുഖ്യത്തിൽ, World SPAY DAY (ഓമന മൃഗങ്ങളുടെ വന്ധീകരണം) ആചരണത്തിന്റെ ഭാഗമായി വൈത്തിരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി ‘നമ്മുടെ ലോകം – നായ്ക്കളുടെയും ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പൂക്കോട് പ്രസിഡന്റ്, ഡോ.ബിന്ദ്യ ലിസ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ.ഹർഷാദ് പട്കി സ്വാഗതമോതി.വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി.രാജൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക സി കെ പ്രിയരഞ്ജിനി മുഖ്യപ്രഭാഷണം നടത്തി.വൈത്തിരി പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോർജ്, വാർഡ് മെമ്പർ ജെസ്ന എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിയ ബോധവൽക്കരണ ക്ലാസ് വെറ്ററിനറി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ ജിത്ത് ജോൺ മാത്യു നയിച്ചു.
വിവിധയിനം നായ്ക്കൾ,അവയുടെ സവിശേഷതകൾ,അരുമയായി പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,രോഗങ്ങൾ,പ്രതിരോധ കുത്തിവയ്പുകൾ,വന്ധീകരണ മാർഗങ്ങൾ,നായുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ,തുടർന്നു തേടേണ്ട ചികിത്സാ ക്രമം, എന്നിവയോടൊപ്പം,നായ്ക്കൂട്ടങ്ങളെ ഒഴിവാക്കാൻ സ്കൂൾ പരിസരത്തെ മാലിന്യ നിർമാർജനത്തിന്റെ ആവശ്യകത എന്നിവയും വിദ്യാർഥികളുമായും അധ്യാപകരുമായും പങ്കുവച്ചു.വൈത്തിരി ജിഎച്ച്എസ്എസിന് ഐവിഎ പൂക്കോടിന്റെ സ്നേഹസമ്മാനമായി പഞ്ഞി,മരുന്ന്,ബാൻഡ് എയ്ഡ്,ലേപനങ്ങൾ,ഡെറ്റോൾ എന്നിവയടങ്ങുന്ന പ്രാഥമിക ചികിത്സാ കിറ്റ്,യൂണിറ്റ് പ്രസിഡന്റ് ഡോ ബിന്ദ്യ പ്രധാനാധ്യാപികയ്ക്കു കൈമാറി. ക്ലാസിനോടൊപ്പം നടത്തിയ ക്വിസ് വേളയിൽ ശരിയുത്തരം നൽകിയ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.ഐവി എ പൂക്കോട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ഡോ സക്കറിയ ഇബ്രാഹിം നന്ദി പ്രകാശിപ്പിച്ചു.
