സുൽത്താൻ ബത്തേരി : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി,ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി.ഉറവിടമാലിന്യ സംസ്കരണത്തിന് പുതിയ മാതൃക അവതരിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിതരണം നടന്നത്.വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ.രമേശ് നിർവഹിച്ചു.നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ പി.എസ് സ്വാഗതം ആശംസിച്ചു.നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന്,ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ പ്രതിനിധി നന്ദു ബൊക്കാഷി ബക്കറ്റിന്റെ ഉപയോഗ രീതി,പരിപാലന രീതികൾ, പ്രായോഗിക നിർദ്ദേശങ്ങൾ എന്നിവ വിശദീകരിച്ചുകൊണ്ട് ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ പി.എസ്,ടോം ജോസ്,സാലി പൗലോസ്,കെ.റഷീദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ നന്ദി രേഖപ്പെടുത്തി.
മാലിന്യമുക്തവും ആരോഗ്യമുള്ള നഗരത്തിന്റെ ലക്ഷ്യത്തോടെ നഗരസഭ മുന്നോട്ട് വെക്കുന്ന ഈ പദ്ധതി,നാട്ടിലെ കുടുംബങ്ങൾക്കിടയിൽ നല്ലൊരു സ്വീകരണം നേടി വരികയാണെന്ന് നഗരസഭ അധികൃതർ അറിയിച്ചു.