ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമി പാർട്ടിക്ക് ഏർപ്പെടുത്തിയ നിരോധനം ഇടക്കാല സർക്കാർ ബുധനാഴ്ച നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടിക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാം. പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമിക് ചത്ര ശിബറിന്റെ നിരോധനവും നീക്കി. ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച് ആഗസ്റ്റ് ഒന്നിനാണ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്. സംവരണ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഇസ്ലാമി ഛത്ര ശിബിറാണെന്നും മുൻ സർക്കാർ പറഞ്ഞിരുന്നു ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കില്ലെന്ന് നേതാവ് ഷഫീഖ് റഹ്മാൻ പറഞ്ഞു. അതിനിടെ ബംഗ്ലാദേശ് ചാനലായ ഖാസി ടിവിയുടെ ന്യൂസ് റൂം എഡിറ്റർ സാറ റഹനയു ( 32)യുടെ മൃതദേഹം ദാക്കയിലെ ഖദീർജിയിൽ തടാകത്തിൽ ബുധനാഴ്ച കണ്ടെത്തി. മരണതുല്യമായി ജീവിക്കുന്നതിലും നല്ലത് മരണമാണെന്ന് ചൊവ്വാഴ്ച രാത്രി സാറ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സാറയും ഭർത്താവും തമ്മിൽ പിരിയാൻ തീരുമാനിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. അടുത്തകാലത്ത് അറസ്റ്റിലായ ഗുലാം കാസിയുടെ ഉടമസ്ഥതയിലുള്ള വാർത്താചാനലാണ് ഖാസി ടിവി.