‘പ്രായപൂര്‍ത്തിയാകും മുൻപ് ചെയ്ത കുറ്റകൃത്യ വിവരം ഫയലില്‍ നിന്ന് നീക്കം ചെയ്യണം’ ; നിര്‍ദേശവുമായി ഹൈക്കോടതി

‘പ്രായപൂര്‍ത്തിയാകും മുൻപ് ചെയ്ത കുറ്റകൃത്യ വിവരം ഫയലില്‍ നിന്ന് നീക്കം ചെയ്യണം’ ; നിര്‍ദേശവുമായി ഹൈക്കോടതി

എറണാകുളം : പ്രായപൂര്‍ത്തിയാകും മുന്‍പ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം ഫയലില്‍ നിന്ന് നീക്കം ചെയ്യണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി.പൊലീസിനും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.ഒരു സാഹചര്യത്തിലും ഈ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

തലശ്ശേരി ജുവനൈല്‍ കോടതി 2011 ല്‍ പരിഗണിച്ച കേസില്‍ ഹര്‍ജിക്കാരന്‍ എതിര്‍കക്ഷിയായിരുന്നു. വീട്ടില്‍ അതിക്രമിച്ച്‌ കയറിയതടക്കമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്.കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടിരുന്നു.എന്നാല്‍ കേസിന്റെ വിവരങ്ങള്‍ പൊലീസിന്റെയും ജുവനൈല്‍ ബോര്‍ഡിന്റെയും ഫയലില്‍ നിന്ന് നീക്കം ചെയ്തിരുന്നില്ല.ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ബാങ്ക് നിയമനത്തിനടക്കമുള്ള പരീക്ഷകള്‍ എഴുതുന്നുണ്ടെന്നും പൊലീസിന്റെ സ്വഭാവ പരിശോധനയില്‍ കേസിന്റെ രേഖ ലഭിക്കും എന്നത് തൊഴില്‍ ലഭിക്കുന്നതിന് തടസമാകുമെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.രേഖ ഫയലില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന് നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ നടപടിയുണ്ടായില്ല.ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.പ്രായപൂര്‍ത്തിയാകും മുന്‍പ് ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം പ്രത്യേക സാഹചര്യത്തില്‍ ഒഴികെ നിര്ബന്ധമായും നീക്കം ചെയ്യണമെന്നാണ് ബാലനീതി നിയമത്തില്‍ പറയുന്നതെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *